ന്യൂഡല്‍ഹി: പ്രണയത്തിനായി രാജ്യം വിട്ട് ഇന്ത്യയിലെത്തിയ പാകിസ്ഥാനി വനിത സീമ ഗുലാം ഹൈദറിന് ഉഷ്‌ണാഘാതം (heat stroke). ഉയര്‍ന്ന താപനിലയെ തുടര്‍ന്നാണ് ഉഷ്‌ണാഘാതം പിടിപെടാന്‍ കാരണം. രണ്ട് ദിവസമായി ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സേന സീമയെ ചോദ്യം ചെയ്യുകയായിരുന്നു.
സീമ ഗുലാമിന്‍റെ ഭര്‍ത്താവ് സച്ചിന്‍ മീണയുടെ കുടുംബാംഗങ്ങള്‍ ഉഷ്‌ണാഘാതമാണെന്ന് അറിയിച്ച് വീടിനുള്ളില്‍ മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. എന്ത് വില തന്നാലും താന്‍ ഇന്ത്യ വിട്ട് പാകിസ്ഥാനിലേയ്‌ക്ക് തിരികെ പോകില്ലെന്ന് സീമ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാത്ത് പാകിസ്ഥാനില്‍ മരണം ഇരിപ്പുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സീമ തീവ്രവാദ വിരുദ്ധ സേനയോട് പറഞ്ഞിരുന്നു.
നേപ്പാളിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന തന്‍റെ വിവാഹ ചിത്രങ്ങള്‍ മാധ്യമങ്ങളെ കാണിച്ചു. ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട് തന്‍റെ അഭിഭാഷകന്‍ വഴി സീമ രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്‍റര്‍നെറ്റില്‍ പബ്‌ജി കളിയിലൂടെയാണ് താന്‍ സച്ചിനുമായി അടുപ്പത്തിലായതെന്ന് പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സീമ പറഞ്ഞു. ഇരുവരും നേപ്പാളിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ ശേഷം സ്വന്തം രാജ്യങ്ങളിലേയ്‌ക്ക് മടങ്ങിയിരുന്നു.
എന്നാല്‍, അടുത്തിടെ സീമ ആദ്യ ഭര്‍ത്താവില്‍ നിന്നുള്ള തന്‍റെ മക്കളോടൊപ്പം രാബ്‌പുരയിലെ സച്ചിന്‍റെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ശേഷം, സീമക്ക് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സച്ചിന്‍റെ വീട്ടിലേയ്‌ക്ക് സ്ഥിരതാമസമാക്കുകയായിരുന്നു.