ജയ്പൂര്‍ : സംസ്ഥാനത്തിന് നൽകുന്ന മെഡിക്കൽ ഓക്സിജന്‍റെയും റെംഡെസിവിർ മരുന്നിന്‍റെയും അളവ് സംബന്ധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാള്‍. സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള ഓക്സിജൻ വിഹിതം നിശ്ചയിക്കുന്നതിനായി കേന്ദ്രം സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അതനുസരിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും ഓക്സിജൻ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിനംപ്രതി 80 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് രാജസ്ഥാനിലേക്ക് നൽകുന്നതെന്ന വാദത്തിന് വിരുദ്ധമായി ഏപ്രിൽ 20 മുതൽ എല്ലാ ദിവസവും 265 മെട്രിക് ടണ്ണിലധികം ഓക്സിജൻ സംസ്ഥാനത്തേക്ക് വിതരണം ചെയ്യുന്നുണ്ടെന്നും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള റെംഡെസിവിർ ക്വാട്ട കേന്ദ്രം ഇരട്ടിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഏപ്രിൽ 15 ന് 169.27 മെട്രിക് ടൺ ഓക്സിജനാണ് രാജസ്ഥാന് വിതരണം ചെയ്തെങ്കിൽ ഇത് ഏപ്രിൽ 24 ആയപ്പോഴേക്കും 330.6 മെട്രിക് ടൺ ആക്കി വർധിപ്പിച്ചെന്നും മേഘ്വാൾ പറഞ്ഞു. ഒരു വർഷം മുമ്പ് ഓക്സിജൻ പ്ലാന്‍റുകൾക്കും മറ്റ് വിഭവങ്ങൾക്കുമായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ രാജസ്ഥാൻ സർക്കാർ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചിട്ടില്ല. ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോൾ ദിനംപ്രതി 1,600 ഓക്സിജൻ സിലിണ്ടറുകൾ ഉത്പാദിപ്പിക്കാമായിരുന്നുവെന്നും മേഘ്വാള്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെർച്വൽ മീറ്റിങ്ങില്‍ സംസ്ഥാനങ്ങൾക്ക് ഓക്സിജനും മരുന്നും മറ്റ് വിഭവങ്ങളും ആസൂത്രിതമായും തുല്യമായും വിതരണം ചെയ്യുന്നത് കേന്ദ്രം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനങ്ങൾക്ക് ഓക്സിജനും റെംഡെസിവിർ മരുന്നും കേസുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ അനുവദിക്കണമെന്ന് ഗെലോട്ട് അഭ്യര്‍ഥിച്ചിരുന്നു. ഏപ്രിൽ 21 ന് രാജസ്ഥാനിൽ 26,500 റെംഡെസിവിർ കുത്തിവയ്പ്പുകൾ മാത്രമാണ് അനുവദിച്ചതെന്നും അതേസമയം, ഗുജറാത്തിനും മധ്യപ്രദേശിനും യഥാക്രമം 1.63 ലക്ഷവും 92,200 കുത്തിവയ്പ്പുകളും നൽകിയെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തു.