ന്യൂഡൽഹി: ഓക്‌സിജൻ എക്സ്പ്രസ് ട്രെയിനുകൾ വഴി വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ 30,000ലധികം ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ എത്തിച്ചതായി റെയിൽവേ. രണ്ടാമത്തെ കൊവിഡ് തരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ഏപ്രിൽ 24ന് മഹാരാഷ്ട്രയിൽ നിന്ന് 126 ടൺ മെഡിക്കൽ ഓക്‌സിജനുമായി ട്രെയിൻ ആദ്യ സർവീസ് ആരംഭിച്ചു.
ഇന്ത്യൻ റെയിൽവേ 1,734 ടാങ്കറുകളിലായി 30,182 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ (എൽഎംഒ) വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചതായി റെയിൽവേ അറിയിച്ചു. 421 ഓക്‌സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഇതുവരെ യാത്ര പൂർത്തിയാക്കി. 10 ടാങ്കറുകളിലായി 177 ടണ്ണിൽ കൂടുതൽ എൽഎംഒ ഉള്ള രണ്ട് ലോഡ് ട്രെയിനുകൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുകയാണെന്നും റെയിൽവേ അറിയിച്ചു.
ഓക്‌സിജൻ എക്സ്പ്രസ് ട്രെയിനുകൾ വഴി 15,000 ടണ്ണിലധികം എൽഎംഒ രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതിൽ 3,600 ടൺ ആന്ധ്രാപ്രദേശ്, 3,700 കർണാടക, 4,900 ടൺ തമിഴ്‌നാട് എന്നിവിടങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ഡൽഹി, ഉത്തർപ്രദേശ്, ജാർഖണ്ഡ്, അസം എന്നീ 15 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഈ സേവനം എത്തിയിട്ടുണ്ട്.
ALSO READ:മിൽഖ സിങ്ങിന്‍റെ ഭാര്യ നിര്‍മല്‍ കൗര്‍ അന്തരിച്ചു
മഹാരാഷ്ട്രയിൽ ഇതുവരെ 614 ടൺ എൽഎംഒ, ഉത്തർപ്രദേശിൽ 3,797 ടൺ, മധ്യപ്രദേശിൽ 656 ടൺ, ഡൽഹിയിൽ 5,722 ടൺ, ഹരിയാനയിൽ 2,354 ടൺ, രാജസ്ഥാനിൽ 98 ടൺ, കർണാടകയിൽ 3,782 ടൺ എന്നിവയാണ് എത്തിച്ചത്. ഉത്തരാഖണ്ഡിൽ ഇതുവരെ 320 ടൺ എൽഎംഒ, തമിഴ്‌നാട്ടിൽ 4,941 ടൺ, ആന്ധ്രയിൽ 3,664 ടൺ, പഞ്ചാബിൽ 225 ടൺ, കേരളത്തിൽ 513 ടൺ, തെലങ്കാനയിൽ 2,972 ടൺ, ജാർഖണ്ഡിൽ 38 ടൺ, അസമിൽ 480 ടണ്ണും എത്തിച്ചു.