ന്യൂഡല്‍ഹി:രാജ്യത്ത് ഒക്ടോബര്‍ മാസത്തില്‍ 28 കോടി കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി വാക്സിന്‍ വിതരണം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 73 ശതമാനവും നിലവില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തു കഴിഞ്ഞു. 29 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ട് കോടി വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ നല്‍കി കഴിഞ്ഞു. 28 കോടി വാക്സിന്‍ ഈ മാസം ലഭ്യമാക്കും.
സെപ്തംബറില്‍ 22 കോടി കൊവിഷീല്‍ഡ് വാക്സിനും ആറ് കോടി കൊവാക്സിനും നിര്‍മിച്ചിരുന്നു. 97 കോടി വാക്സിന്‍ അടുത്തിടെ വിതരണം ചെയ്ത് കഴിഞ്ഞു. അടുത്ത ആഴ്ചയോടെ 100 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്തും. ഒക്ടോബര്‍ 19-20 ദിവസത്തിനുള്ളില്‍ ഈ ലക്ഷ്യം നേടുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ബൂസ്റ്റര്‍ ഡോസുകള്‍ ഇറക്കാന്‍ നിലവില്‍ ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിയില്ലെന്നാണ് വിദഗ്ദര്‍ നല്‍കുന്ന വിവരം. വാക്സിന്‍ വിതരണത്തിലും നിര്‍മാണത്തിലും ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദര്‍ സന്തുഷ്ടരാണ്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ വിതരണത്തില്‍ പരാതികളില്ല.
Also Read:സംസ്ഥാനത്ത് 11,079 പേര്‍ക്ക് കൂടി COVID; 123 മരണം
അതിനിടെ ഛത്ത് പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ ഡല്‍ഹിയില്‍ ബിജെപിയും ആം ആദ്മി സര്‍ക്കാരും രാഷ്ട്രീയം കളിക്കുകയാണെന്നും ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്തി.
വാക്സിന്‍ വിതരണത്തില്‍ ഡല്‍ഹി സര്‍ക്കാറിനെതിരെ ബിജെപി സംസ്ഥാന ഘടകം ഉന്നയിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ മാണ്ഡവ്യക്ക് കത്ത് ഏഴുതിയിരുന്നു. രാജ്യം ഇപ്പോള്‍ വാക്സിന്‍ കയറ്റുമതി ചെയ്യുന്നുണ്ടോ എന്നും കത്തില്‍ ചോദിച്ചു. എന്നാല്‍ പ്രാദേശികമായ ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ വാക്സിന്‍ കയറ്റുമതി ചെയ്യുകയുള്ളു എന്നാണ് മാണ്ഡവ്യയുടെ മറുപടി.