ന്യൂഡല്‍ഹി: 2021 നവംബറില്‍ 1.75 ദശലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി സമൂഹ മാധ്യമമായ വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കംപ്ലയിൻസ് റിപ്പോർട്ടിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കളില്‍ നിന്ന് 602 പരാതികള്‍ ലഭിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
നവംബർ മാസത്തെ ആറാമത്തെ പ്രതിമാസ റിപ്പോർട്ടാണ് വാട്‌സ്‌ആപ്പ് പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം നവംബറിൽ 17,59,000 ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പിന് ലഭിച്ച ഉപയോക്തൃ പരാതികളുടെയും വാട്ട്‌സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്ട്‌സ്ആപ്പിന്‍റെ സ്വന്തം പ്രതിരോധ പ്രവർത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ഉപയോക്തൃ-സുരക്ഷ റിപ്പോർട്ട്.
ഓട്ടോമേറ്റഡ് അല്ലെങ്കിൽ സ്‌പാം മെസേജിന്‍റെ അനധികൃത ഉപയോഗമാണ് 95 ശതമാനത്തിലധികം നിരോധനങ്ങൾക്കും കാരണമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2 ദശലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളാണ് ഒക്ടോബറിൽ നിരോധിച്ചത്.