ന്യൂഡല്‍ഹി: ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പുതിയ സാങ്കേതിക വിദ്യ. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ആന്‍റി ഡ്രോണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായ ഡ്രോണുകൾ വേഗത്തിൽ കണ്ടെത്താനും അവ നശിപ്പിക്കാനും ഈ ആന്‍റി ഡ്രോണുകള്‍ സൈന്യത്തെ സഹായിക്കും.
എന്താണ് ആന്‍റി ഡ്രോണ്‍ ?
ഏറ്റവും ദുർബലമായ പ്രദേശങ്ങളെ ആക്രമിക്കാൻ സാധ്യതയുള്ള ഡ്രോണുകൾ കണ്ടെത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള മൈക്രോ ഡ്രോണുകളെ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ ഈ ആന്‍റി ഡ്രോണുകള്‍ക്ക് കഴിയും. രണ്ടര കി.മീ വരെയുള്ള ആകാശ ലക്ഷ്യങ്ങള്‍ക്കായി ഇത്തരം ആന്‍റി ഡ്രോണ്‍ സംവിധാനത്തെ പ്രയോജനപ്പെടുത്താം.
360 ഡിഗ്രി കവറേജും ഇവ നല്‍കുന്നുണ്ട്. ഒന്നിലധികം സെൻസറുകളാണ് ഇവയ്ക്കുള്ളത്. കമാൻഡ്, കൺട്രോൾ ലിങ്കുകൾ എന്നിവ ഉപയോഗിച്ച് മൈക്രോ ഡ്രോണുകളുടെ ഹാര്‍ഡ്‌വെയര്‍ നശിപ്പിക്കാനും അതിലൂടെ ഡ്രോണ്‍ നിര്‍വീര്യമാക്കാനും ഡി -4 ഡ്രോൺ സംവിധാനത്തിന് സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിനാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. എന്നാല്‍ അന്ന് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ജമ്മു വിമാനത്താവളത്തില്‍ വ്യോമസേന മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് ഈ സാങ്കേതികത ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിക്കുന്നത്. ഡ്രോണ്‍ ആക്രമണങ്ങളെ നേരിടാനുള്ള സംവിധാനം വികസിപ്പിക്കുന്നുണ്ടെന്ന് കരസേനാ മേധാവി ജനറൽ എം എം നരവാനേ വ്യക്തമാക്കിയിരുന്നു.
Also Read: അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; തുരത്തിയോടിച്ച് ബിഎസ്എഫ്