ന്യൂഡൽഹി: അദാനി ഓഹരി വിവാദത്തിൽ പാർലമെന്‍റില്‍ പ്രതിഷേധം ശക്തിപ്പെടുത്താൻ പ്രതിപക്ഷ പാര്‍ട്ടികള്‍. വിവാദത്തിൽ പാർലമെന്‍റില്‍ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. തുടർച്ചയായ ദിവസങ്ങളിലെ പ്രതിഷേധം കാരണം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേയ ചർച്ച വൈകുകയാണ്.
അദാനി ഓഹരി വിവാദത്തിൽ കടുത്ത നിലപാടിലാണ് പ്രതിപക്ഷം. വിഷയം പാർലമെന്റിന്റെ ഇരുസഭകളും നടപടികൾ നിർത്തി ചർച്ച ചെയ്യണം, സംയുക്ത പാർലമെന്‍ററി സമിതിയുടെയോ സുപ്രിംകോടതിയുടെയോ മേൽനോട്ടത്തിൽ ഓഹരി വിവാദം അന്വേഷിക്കണം തുടങ്ങിയവയാണ് പ്രതിപക്ഷ ആവശ്യങ്ങൾ. വിഷയത്തിൽ ഇന്നും എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
തർക്കത്തിന് പരിഹാരം കാണാൻ സർക്കാർ ഒരു ശ്രമവും നടത്തിയില്ലെന്നും അതിനാൽ മുന്നോട്ടുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്‌തു. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പാർലമെന്‍റിൽ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് തിങ്കളാഴ്‌ച പറഞ്ഞിരുന്നു. എസ്‌ബിഐ, എൽഐസി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിൽ അദാനി ഗ്രൂപ്പിന്‍റെ നിക്ഷേപം ഇടത്തരക്കാരുടെ സമ്പാദ്യത്തിൽ വലിയ ആഘാതമുണ്ടാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
also read:അദാനി ഇടപാടുകളില്‍ അന്വേഷണം വേണം; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം
അദാനി വിഷയത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കോൺഗ്രസിന് ലഭിക്കുന്നുണ്ടെങ്കിലും ഭാരത് രാഷ്‌ട്ര സമിതി, ആം ആദ്‌മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കോൺഗ്രസിനൊപ്പം ചേരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതവരാനുണ്ട്.