ന്യൂഡൽഹി : ലോക്‌സഭയിൽ സുരക്ഷ വീഴ്‌ചയുണ്ടായതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ എംപിമാർ (Opposition MPs Slam Central Govt For Parliament Security Breach). പാര്‍ലമെന്‍റിനകത്ത് പോലും എംപിമാർ സുരക്ഷിതരല്ലെന്നാണ് സംഭവം തെളിയിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പുതിയ പാർലമെന്‍റിലെ സന്ദർശക ഗാലറിയുടെ (Parliament Visitors Gallery) നിർമാണത്തിൽ അപാകതയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ഇത് ഗുരുതര സുരക്ഷ വീഴ്‌ചയാണെന്നും, പ്രതികൾക്ക് സന്ദർശക പാസ് നൽകിയ ബിജെപി എംപിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും തൃണമൂൽ കോൺഗ്രസ് എംപി കല്യാണ്‍ ബാനർജി (TMC MP Kalyan Banerjee ) ഇടിവി ഭാരതിനോട് പറഞ്ഞു. "ഇത് ഗുരുതരമായ സുരക്ഷ വീഴ്‌ചയാണ്. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ എംപിമാർക്ക് പോലും സുരക്ഷയില്ലെന്നാണ് ഇന്നത്തെ സംഭവം കാണിക്കുന്നത്." -ബാനർജി പറഞ്ഞു.
സംഭവം പാര്‍ലമെന്‍റിന്‍റെയും രാജ്യത്തിന്‍റെയാകെയും സുരക്ഷയ്ക്ക് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംപി അബ്‌ദുല്‍ ഖാലേക് (Congress MP Abdul Khalek) ഇടിവി ഭാരതിനോട് പ്രതികരിച്ചു. "22 വർഷം മുൻപ് പാർലമെന്‍റ് ആക്രമിക്കപ്പെട്ടു, 22 വർഷത്തിന് ശേഷവും പാർലമെന്‍റ് സുരക്ഷിതമല്ല. ഇത് നമ്മുടെ സുരക്ഷ സംവിധാനത്തിന്‍റെ വലിയ പരാജയമാണ്. പാർലമെന്‍റിന്‍റെയും, രാജ്യത്തിന്‍റെയാകെയും സുരക്ഷയ്ക്ക് ഈ സംഭവം ദൗർഭാഗ്യകരമാണ്." -ഖാലേക് പറഞ്ഞു.
സംഭവത്തിന് ഉത്തരവാദികൾ ആരാണെന്നതില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റവാളിയെ ശിക്ഷിക്കണം. പാസ് നൽകിയ ബിജെപി എംപിക്കെതിരെ കർശനമായ അന്വേഷണം നടത്തണമെന്നും അബ്‌ദുല്‍ ഖാലേക് ആവശ്യപ്പെട്ടു. "സംഭവം നടക്കുമ്പോൾ ഞാൻ ലോബിയിൽ ഉണ്ടായിരുന്നു. ചില അംഗങ്ങൾ അവരെ പിടികൂടി സെക്യൂരിറ്റിമാർക്ക് കൈമാറി. പുതിയ പാർലമെന്‍റിലെ സന്ദർശക ഗാലറിയിൽ നിന്ന് ആർക്കും ചാടാം. അതിനാൽ സന്ദർശക ഗാലറി ഉചിതമായ രീതിയിലല്ല നിർമിച്ചിരിക്കുന്നതെന്ന് കരുതുന്നു." -ഖാലേക് കൂട്ടിച്ചേർത്തു.