പട്‌ന :ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. ബിഹാറിലെ പട്‌നയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഭിന്നതകൾ മറന്ന് ഒന്നിച്ച് നില്‍ക്കാനും ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാനും തീരുമാനമെടുത്തത്. ജൂലൈ രണ്ടാം വാരം ഷിംലയില്‍ വീണ്ടും യോഗം ചേരുമെന്നും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമുണ്ടായി.
ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് യോഗത്തിലെ ധാരണ. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് അവസാനിച്ച യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ചെറിയ വിയോജിപ്പുകൾക്കിടയിലും ഒന്നിച്ചുനില്‍ക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹൃദയം കൊണ്ട് ഐക്യപ്പെട്ട് : എല്ലാ പ്രതിപക്ഷ നേതാക്കളും ഒറ്റക്കെട്ടാണ്. അടുത്തതായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ യോഗം ചേരുമെന്നും അവിടെ അജണ്ട തയ്യാറാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. യോഗം നല്ലരീതിയില്‍ അവസാനിച്ചുവെന്നും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന അടുത്ത യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ ഐക്യത്തിനായി അക്ഷീണം പ്രയത്നിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
ബിജെപിക്കെതിരെ പോരാട്ടം ഒരുമിച്ച് :പട്‌നയില്‍ എന്ത് ആരംഭിച്ചാലും അത് ജനകീയ പ്രസ്‌ഥാനമായി മാറുമെന്നറിയിച്ചായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. ഞങ്ങൾ ഒറ്റക്കെട്ടാണ്, നമ്മൾ ഒരുമിച്ച് പോരാടും, രാജ്യത്തിന് വേണ്ടി പോരാടും എന്നീ മൂന്ന് കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചതായി അവര്‍ വ്യക്തമാക്കി. ബിജെപി രാജ്യത്തിന്‍റെ ചരിത്രം മാറ്റണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ചരിത്രം സംരക്ഷിക്കപ്പെടണമെന്ന് ബിഹാറില്‍ നിന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഫാസിസ്‌റ്റ് സർക്കാരിനെതിരെ സംസാരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മമത കൂട്ടിച്ചേര്‍ത്തു. അഭിപ്രായ വ്യത്യാസം മാറ്റിവച്ച് ഒന്നിച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.
രാജ്യത്തെ സര്‍വനാശത്തിൽ നിന്ന് രക്ഷിക്കാനും ജനാധിപത്യം തിരികെ കൊണ്ടുവരാനുമാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നതെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും പ്രതികരിച്ചു. താനും മെഹബൂബ മുഫ്തിയും ജനാധിപത്യം കൊലചെയ്യപ്പെടുന്ന മേഖലയുടെ ഭാഗമാണ്. ഇന്നലെ അമേരിക്കയിലെ വൈറ്റ് ഹൗസിൽ ജനാധിപത്യത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്തുകൊണ്ട് ഈ ജനാധിപത്യം ജമ്മു കശ്മീരിൽ എത്തുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദ്യമെറിഞ്ഞു. ബിജെപിയുടെ ഒമ്പത് വർഷത്തെ ഭരണം രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് വിനാശകരമായിരുന്നുവെന്ന് സിപിഐ നേതാവ് ഡി.രാജയും അറിയിച്ചു.
യോഗത്തില്‍ ആരെല്ലാം : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ, ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) അധ്യക്ഷൻ ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെംബൂബ മുഫ്തി (പിഡിപി), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്‌റ്റാലിന്‍ തുടങ്ങി 17 രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളാണ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തത്.