ബെംഗളൂരു :ലോക്‌സഭ തെരഞ്ഞെടുപ്പ് (Parliament Election 2024) മുന്നില്‍ക്കണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യസമ്മേളനം നാളെ (ജൂലൈ 17) ബെംഗളൂരുവില്‍ ചേരും. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ ഒന്നിച്ച് അണിനിരക്കാന്‍ 24 പ്രതിപക്ഷ പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളുമായാണ് (ജൂലൈ 18) പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം.
ബിഹാറിലെ പട്‌നയില്‍ (Patna) കഴിഞ്ഞ മാസമാണ് ആദ്യ പ്രതിപക്ഷ നേതൃയോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ 17 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. ദേശീയ പാര്‍ട്ടികളെയായിരുന്നു ഈ യോഗത്തിലേക്ക് പ്രധാനമായും ക്ഷണിച്ചിരുന്നത്.
നാളെ ബെംഗളൂരുവില്‍ ആരംഭിക്കുന്ന രണ്ടാം പ്രതിപക്ഷ യോഗത്തിലേക്ക് പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ജെ), മുസ്ലിം ലീഗ് (IUML), ആര്‍എസ്‌പി (RSP), ഫോര്‍വേഡ് ബ്ലോക്ക്, വിസികെ(VCK), എംഡിഎംകെ (Marumalarchi Dravida Munnetra Kazhagam), കെഡിഎംകെ (Kongu Desa Makkal Katchi) എന്നീ പാര്‍ട്ടികള്‍ക്കാണ് പുതുതായി യോഗത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (TMC), ആം ആദ്‌മി (AAP), ജെഡിയു (JDU), എന്‍സിപി (ശരദ് പവാര്‍ പക്ഷം), സമാജ്‌വാദി പാര്‍ട്ടി എന്നിവരാണ് യോഗത്തിലെ മറ്റ് അംഗങ്ങള്‍.
യോഗത്തിലേക്ക് പ്രധാന നേതാക്കളും :കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി (Sonia Gandhi), രാഹുല്‍ ഗാന്ധി (Rahul Gandhi), പ്രിയങ്ക ഗാന്ധി (Priyanka Gandhi), രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് ആം ആദ്‌മി പാര്‍ട്ടിക്ക് പിന്തുണ അറിയച്ച സാഹചര്യത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.