ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പേര് ഭാരത് (Bharat) എന്നാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്നാലെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും (Delhi Chief Minister) ആം ആദ്‌മി പാര്‍ട്ടി (Aam Aadmi Party) നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal). പ്രതിപക്ഷ ഐക്യം തങ്ങളുടെ സഖ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റിയാല്‍ ഭാവിയില്‍ ഇനിയും പേര് മാറ്റം നടത്തുമോ എന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ സഖ്യം (INDIA Alliance) അവരുടെ പേര് ഭാരത് എന്നാക്കിയാല്‍, ബിജെപി ഭാരതിന് പകരം മറ്റെന്തെങ്കിലും കൊണ്ടുവരുമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.
തമിഴ്‌നാട് (Tamilnadu) മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍റെ (MK Stalin) മകനും സംസ്ഥാന കായിക മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‍റെ (Udhayanidhi Stalin) സനാതന ധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിലും അദ്ദേഹം പ്രതികരിച്ചു. ഞാനും സനാതന ധർമത്തിൽപെട്ടയാളാണ്. നമ്മൾ മറ്റൊരാളുടെ വിശ്വാസത്തെ ബഹുമാനിക്കണം. മറ്റുള്ളവരുടെ വിശ്വാസത്തിനെതിരെ സംസാരിക്കുന്നത് തെറ്റാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വിമര്‍ശിച്ച് മമതയും സ്‌റ്റാലിനും:അതേസമയം രാജ്യത്തിന്‍റെ പുനര്‍നാമകരണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ സഖ്യത്തിലെ അംഗവുമായ മമത ബാനർജിയും (Mamata Banerjee) പ്രതികരിച്ചു. ഈ രാജ്യത്തെ എല്ലാവർക്കും ഇന്ത്യ, ഭാരതമാണെന്ന് അറിയാമെന്നും എന്നാൽ പുറംലോകം നമ്മെ അറിയുന്നത് ഇന്ത്യയിലൂടെ മാത്രമാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇന്ത്യയെ ഭാരതാക്കി മാറ്റാനുള്ള ബിജെപി നീക്കത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിനും വിമര്‍ശിച്ചു. പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഇന്ത്യയാണെന്നറിഞ്ഞതോടെ തന്നെ ബിജെപി വിറച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.