ന്യൂഡല്‍ഹി: കീവിലുള്ള ഇന്ത്യൻ എംബസിയുടെ ആദ്യ നിര്‍ദേശത്തിന് ശേഷം ഏകദേശം 17,000 ഇന്ത്യൻ പൗരന്മാർ യുക്രൈനിന്‍റെ അതിര്‍ത്തി വിട്ടതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) ബുധനാഴ്ച അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.
റഷ്യയുടെ സൈനിക നീക്കങ്ങൾക്കിടയിൽ യുക്രൈനില്‍ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ഓപ്പറേഷൻ ഗംഗയെക്കുറിച്ചുള്ള പ്രത്യേക ബ്രീഫിങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം. യുക്രൈന്‍ അതിര്‍ത്തി കടന്നവരില്‍ എംബസിയിൽ മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ചില ഇന്ത്യക്കാരും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ ഗംഗയ്‌ക്ക് കീഴിലുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങളിലായി 3,352 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു. വ്യോമസേനയുടെ സി-17 വിമാനം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായതായും അദ്ദേഹം പറഞ്ഞു.