ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം പുലർച്ചെ ഡൽഹിയിൽ എത്തി (Operation Ajay Third Flight Arrived). 18 പേർ മലയാളികൾ ഉൾപ്പെടെ 197 ഇന്ത്യക്കാരാണ് മൂന്നാമത്തെ വിമാനത്തിൽ ഉണ്ടായിരുന്നത്.
274 പേരെയും വഹിച്ചുകൊണ്ടുള്ള നാലാമത്തെ വിമാനം ഇന്ന് പുലർച്ചെ ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (Dr. S. Jaishankar) പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമാണിതെന്ന് എസ് ജയശങ്കർ എക്‌സിൽ കുറിച്ചു (Operation Ajay Fourth Plane Departed).
കഴിഞ്ഞ ദിവസം 235 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചിരുന്നു. 212 ഇന്ത്യക്കാരുമായി ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്‌ച ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരെ സ്വീകരിച്ചു. ഒരാഴ്‌ച മുൻപ് ഇസ്രയേൽ - ഹമാസ് യുദ്ധം (Israel Palestine Conflict) രൂക്ഷമായ സാഹചാര്യത്തിൽ 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ കുടുങ്ങിയത്.
തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഇതിന് പിന്നാലെ എയർ ഇന്ത്യയുടെ വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവക്കുകയും സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കുകയുമായിരുന്നു. 'ആദ്യം വരുന്നവർക്ക് ആദ്യം സേവനം' എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. സർക്കാരാണ് ഇന്ത്യക്കാരുടെ തിരിച്ചുവരവിന്‍റെ ചെലവ് വഹിക്കുന്നത്.