ഊട്ടി:31,000 ചുവന്ന റോസ് പൂക്കൾ കൊണ്ട് നിർമിച്ച കൂറ്റൻ വീട്, 50,000 വ്യത്യസ്‌ത നിറത്തിലുള്ള റോസാപ്പൂക്കൾ കൊണ്ട് നിർമ്മിച്ച പിയാനോ, പച്ചക്കറികളും പൂക്കളും കൊണ്ട് നിർമ്മിച്ച മനോഹര ശിൽപ്പങ്ങൾ, ലോകപ്രശസ്‌തമായ ഊട്ടി 'റോസ് ഷോ' സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇപ്രകാരമാണ്. കൊവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷം മുടങ്ങിയ റോസ് ഷോ ഇത്തവണ വർണാഭമായി തിരിച്ചെത്തുമ്പോൾ സഞ്ചാരികളും ആവേശത്തിലാണ്.
വീടും, പിയാനോയും, മൃഗങ്ങളുമെല്ലാം റോസാ പൂക്കളാൽ; സഞ്ചാരികളിൽ കൗതുകമുണർത്തി ഊട്ടി 'റോസ് ഷോ'
ഒരു ലക്ഷത്തിലധികം സന്ദർശകർ ഇത്തവണ റോസ് ഷോ കാണാനെത്തുമെന്നാണ് പ്രതീക്ഷ.
ഊട്ടിയിലെ സമ്മർ ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായ റോസ് ഷോയുടെ 17-ാം പതിപ്പിനാണ് ഇത്തവണ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കം കുറിച്ചത്. 31,000 ചുവന്ന റോസാപ്പൂക്കൾ ഉപയോഗിച്ച് അലങ്കരിച്ച 15 അടി ഉയരത്തിലുള്ള തടി വീടാണ് സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്നത്. കുട്ടികൾക്കായി കാർട്ടൂണ്‍ കഥാപാത്രങ്ങളുടേതുൾപ്പെടെ റോസാ പൂക്കൾ കൊണ്ടുള്ള നിരവധി ശിൽപ്പങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രദേശത്തെ പ്ലാസ്റ്റിക് മുക്‌തമാക്കുവാൻ 'മീണ്ടും മഞ്ഞ പൈ' (വീണ്ടും മഞ്ഞ ബാഗുകൾ) എന്ന പുതിയ ആശയവും റോസ് ഷോയിൽ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ഇത്തവണ കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് തമിഴ്‌നാട് ടൂറിസം വകുപ്പ്.