കേരളം

kerala

ETV Bharat / bharat

ഉള്ളിയുടെ വിലക്കുറവ് മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുമെന്ന് വിദഗ്‌ധര്‍; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍

ഉത്‌പാദന ചെലവിന്‍റെ പകുതി പോലും കര്‍ഷകര്‍ക്ക് ഉള്ളിക്ക് വില ലഭിക്കുന്നില്ല. ഇതുകാരണം രാജ്യത്തെ ഉള്ളി കര്‍ഷകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്

Onion prices will stay depressed  ഉള്ളിയുടെ വിലക്കുറവ്  കര്‍ഷകര്‍ക്ക് ഉള്ളിക്ക് വില  ഉള്ളി കയറ്റുമതി  ഉള്ളി വില കുറഞ്ഞതിന്‍റെ കാരണങ്ങള്‍  reason for onion price depression  onion farmers protest  agricultural news  കാര്‍ഷിക വാര്‍ത്തകള്‍
ഉള്ളി

By

Published : Mar 1, 2023, 3:52 PM IST

മുംബൈ:കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന റാബി സീസണിലെ ഉള്ളിയുടെ വിളവെടുപ്പ് വരെ ഉള്ളി വില താഴ്‌ന്ന് തന്നെയിരിക്കുമെന്ന് വിദഗ്‌ധര്‍ വിലയിരുത്തുന്നു. മാര്‍ച്ച് മധ്യത്തിലാണ് റാബി വിളവെടുപ്പ് നടക്കുക. നിലവില്‍ ആവശ്യത്തില്‍ കൂടുതലാണ് വിപണിയില്‍ ഉള്ളി ലഭ്യത.

ഇത് കാരണം ഉത്‌പാദന ചെലവിനേക്കാള്‍ കുറവ് വില മാത്രമെ നിലവില്‍ ഉള്ളി കര്‍ഷകന് രാജ്യത്ത് ലഭിക്കുന്നുള്ളൂ. കുറഞ്ഞ വിലയില്‍ പ്രതിഷേധിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വില്‍പ്പന മാര്‍ക്കറ്റായ മഹാരാഷ്‌ട്രയിലെ ലസൽഗാവില്‍ കര്‍ഷകര്‍ വ്യാപാരം തടസപ്പെടുത്തിയ സംഭവം ഉണ്ടായി.

ഉള്ളി വില കുറഞ്ഞതിന് പല കാരണങ്ങള്‍: ഉള്ളി കര്‍ഷകരുടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പല കാരണങ്ങളും ഉണ്ടെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്‌ധനായ ദീപക് ചവാന്‍ പറയുന്നു. ഈ കാരണങ്ങള്‍ കര്‍ഷകനെ കുറഞ്ഞ വിലയ്‌ക്ക് ഉള്ളി വിറ്റഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഖരീഫ് വിളവെടുപ്പിന്‍റെ അവസാന ഘട്ടത്തിലെ ഉള്ളി കുറഞ്ഞ കാലത്തേക്ക് മാത്രമെ കേടുകൂടാതെ സൂക്ഷിച്ച് വയ്‌ക്കാന്‍ കഴിയുകയുള്ളൂ എന്ന പ്രശ്‌നമുണ്ടെന്ന് ദീപക് ചവാന്‍ പറയുന്നു.

ഈ വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ ഖരീഫ് ഇനത്തില്‍പ്പെട്ട ഉള്ളിയെക്കാളും 'ലേറ്റ് ഖരീഫ്'(late kharif) ഇനത്തില്‍പ്പെട്ട ഉള്ളിയാണ് കൃഷി ചെയ്‌തത്. ഉള്ളിയുടെ ഉത്‌പാദനം 20 ശതമാനമായി വര്‍ധിക്കുകയും ചെയ്‌തു. ഇതാണ് ഈ സ്ഥിതി വിശേഷത്തിലേക്ക് എത്തിച്ചത്.

ഈ വര്‍ഷം മണ്‍സൂണ്‍ സാധാരണയിലേതിനേക്കാള്‍ കുടുതല്‍ നീണ്ടുനിന്നു. അത് കാരണം ഉള്ളി വിതയ്‌ക്കല്‍ നീണ്ടുപോയി. അതുകൊണ്ടാണ് കര്‍ഷകര്‍ ലേറ്റ് ഖാരിഫ് ഇനത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫെബ്രുവരിയില്‍ ഉള്ളി വില വര്‍ധിക്കുന്നത് കാരണം ഫെബ്രുവരിയില്‍ വിളവെടുക്കുന്ന രീതിയില്‍ കര്‍ഷകര്‍ വിതയ്‌ക്കല്‍ നടത്തുകയും ചെയ്‌തു എന്നും ദീപക് ചവാന്‍ പറഞ്ഞു.

ഖരീഫ് സീസണിന്‍റെ അവസാനകാലത്ത് വിളവെടുക്കുന്ന ഉള്ളി എട്ട് ദിവസത്തിനുള്ളില്‍ വിറ്റഴിക്കണമെന്ന് പൂന ജില്ലയിലെ മഞ്ചറില്‍ നിന്നുള്ള കര്‍ഷകനായ ശിവാജി അവതെ പറയുന്നു. അതേസമയം റാബി സീസണില്‍ വിളവെടുക്കുന്ന ഉള്ളികള്‍ കര്‍ഷകര്‍ക്ക് ആറ് മാസത്തിലധികം സൂക്ഷിക്കാന്‍ സാധിക്കും. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ചൂട് സാധാരണയുള്ളതിനേക്കാളും ഉയര്‍ന്നത് കാരണം ഉള്ളി മൂന്ന് ദിവസം മാത്രമെ സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥ വന്നു.

കൂടാതെ ഉത്‌പന്നങ്ങള്‍ പാഴാകുകയും ചെയ്‌തു. ഇതുകാരണം ക്വിന്‍റലിന് 500 രൂപയില്‍ കുറഞ്ഞ് കര്‍ഷകര്‍ ഉള്ളി വില്‍ക്കുന്ന സാഹചര്യം ഉണ്ടായി. ഉത്‌പാദന ചെലവിന്‍റെ പകുതിയിലും താഴെയാണ് ഈ വിലയെന്നും ശിവജി പറഞ്ഞു.

സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം: വില സ്ഥിരത ഉറപ്പുവരുത്താനായി ഉണ്ടാക്കിയ പ്രത്യേക ഫണ്ട് ഉപയോഗപ്പെടുത്തിയും നേരിട്ട് പണം ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചും വില കുറവ് കാരണം ബാധിക്കപ്പെട്ട രണ്ട് ലക്ഷത്തോളം വരുന്ന ഉള്ളി കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കണമെന്ന് ചവാന്‍ പറഞ്ഞു. ന്യായവിലയ്‌ക്ക് കര്‍ഷകരില്‍ നിന്ന് ഉള്ളി ശേഖരിച്ചുകൊണ്ട് നാഫെഡും കര്‍ഷകരുടെ രക്ഷയ്‌ക്ക് എത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തങ്ങളുടെ രക്ഷ്‌ക്ക് എത്തിയില്ലെങ്കില്‍ അവര്‍ക്ക് രാഷ്‌ട്രീയമായ തിരിച്ചടിയുണ്ടാകുമെന്ന് ശിവാജി അവതെ പറയുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പ് അധികം ദൂരത്തല്ലെന്നും ശിവാജി അവതെ ഓര്‍മപ്പെടുത്തുന്നു.

കടത്ത് കൂലിയില്‍ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തേടണമെന്നും നാസിക് ജില്ലയില്‍ നിന്നുള്ള കര്‍ഷകനായ ചാങ്‌ദേവ് ഹോൾക്കർ പറഞ്ഞു. ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളില്‍ ഉള്ളി വില കൂടുതലാണെന്ന കാര്യവും അദ്ദേഹം ചൂണ്ടികാട്ടി.

ഉള്ളി കയറ്റുമതിക്ക് വെല്ലുവിളികള്‍:എന്നാല്‍ ഉള്ളി കയറ്റുമതിക്കാരനായ അജിത് ഷാ പറയുന്നത് ഫിലിപ്പൈന്‍സ് ചൈനയില്‍ നിന്നാണ് ഉള്ളി വാങ്ങുന്നതെന്നും ഇന്ത്യന്‍ ഉള്ളി അവരെ കൊണ്ട് ഇറക്കുമതി ചെയ്യിക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ്. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്ന് ഉള്ളി വ്യാപകമായി ഇറക്കുമതി ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ ബംഗ്ലാദേശ് ഉള്ളി ഉത്‌പാദനം വര്‍ധിപ്പിച്ചു. അതുകൊണ്ട് തന്നെ ബംഗ്ലാദേശില്‍ ഉള്ളിയുടെ ലഭ്യത വര്‍ധിച്ചത് കാരണം മുമ്പ് ലഭിച്ചത് പോലെ ഇന്ത്യയില്‍ നിന്നുള്ള ഉള്ളിക്ക് ബംഗ്ലാദേശില്‍ വില ലഭിക്കുകയില്ലെന്നും അജിത് ഷാ പറഞ്ഞു. അടുത്ത 15-20 ദിവസത്തേക്ക് റാബി സീസണ്‍ വിളവെടുപ്പ് ആരംഭിക്കുന്നത് വരെ ഉള്ളിയുടെ വില താഴ്‌ന്ന് തന്നെയിരിക്കുമെന്ന് ഷായും പറയുന്നു.

ഒരു ക്വിന്‍റല്‍ ഉള്ളിക്ക് കുറഞ്ഞത് 1,500 രൂപ ഉറപ്പാക്കണമെന്നാണ് ഉള്ളി കര്‍ഷകര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ വില്‍പ്പന തടസപ്പെടുത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഉള്ളി ഉത്‌പാദനത്തില്‍ 40 ശതമാനവും മഹാരാഷ്‌ട്രയില്‍ നിന്നാണ്. കഴിഞ്ഞ ഖരീഫിന്‍റെ അവസാന ഘട്ടത്തില്‍ 2.69 ലക്ഷം ഹെക്‌ടറുകളിലാണ് രാജ്യത്ത് ഉള്ളി വിതച്ചത്.

ABOUT THE AUTHOR

...view details