ഹൈദരാബാദ് :രാജ്യത്തെ ഭക്ഷ്യവിതരണ വിപണിയിൽ സ്വിഗ്ഗിയും സൊമാറ്റോയും തമ്മിലുള്ള കടുത്ത മത്സരം നമുക്ക് അറിയാവുന്ന കാര്യമാണ്. പുതിയ കമ്പനികൾ ഈ രംഗത്തേക്ക് എത്തിയാലും, എളുപ്പം തകര്‍ക്കാവുന്ന കുത്തകയല്ല ഇവരുടേത്. ഈ രണ്ട് കമ്പനികളും വിവിധ ഓഫറുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാറുമുണ്ട്. എന്നാൽ, രണ്ട് കമ്പനികള്‍ക്കും തിരിച്ചടിയാവാന്‍ സാധ്യതയുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
വൈറലായി പിന്നാലെ 'ഹിറ്റ്' ! :സർക്കാരിന്‍റെ ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) കുറഞ്ഞ വിലയ്ക്ക് ഭക്ഷണം വാഗ്‌ദാനം ചെയ്യുന്നതാണ് സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും വെല്ലുവിളിയായേക്കാവുന്ന ഈ നീക്കം. ഒഎൻഡിസി പ്ലാറ്റ്‌ഫോമിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന കാര്യം നിരവധി ഉപയോക്താക്കളാണ് സ്‌ക്രീൻഷോട്ടുകൾ സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇക്കാര്യം വലിയ തോതില്‍ ചർച്ചയുമായി.
ALSO READ |'ബിരിയാണി ഇല്ലാതെ എന്ത് ആഘോഷം'; റംസാൻ മാസത്തിൽ ഹൈദരാബാദിൽ സ്വിഗ്ഗി വിറ്റത് 10 ലക്ഷം ബിരിയാണികൾ
ഇതോടെ ഭക്ഷ്യമേഖലയിലെ പ്രതിദിന ഡെലിവറികളുടെ എണ്ണം 10,000 എന്ന ഹിറ്റടിക്കുകയും ചെയ്‌തു. ഇ - കൊമേഴ്‌സ് മേഖലയിലെ കുത്തക നിയന്ത്രിക്കാനാണ് 'ഒഎൻഡിസി' നീക്കത്തിലൂടെ സർക്കാർ ലക്ഷ്യം. തേര്‍ഡ് പാര്‍ട്ടി ആപ്പുകൾ പരിഗണിക്കാതെ ആർക്കും ഈ പ്ലാറ്റ്‌ഫോമിൽ ഉത്‌പന്നങ്ങള്‍ വിൽക്കാനും വാങ്ങാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി എന്നിവയുൾപ്പടെ 240ലധികം നഗരങ്ങളിൽ ഈ സേവനം നിലവിൽ ലഭ്യമാണ്.