Hyderabad: ഒമിക്രോൺ ബാധിച്ച ഒരാളില്‍ നിന്ന് ആറ് മുതൽ 12 വരെ ആളുകൾക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള എപ്പിഡെമിയോളജിസ്റ്റും പബ്ലിക് ഹെൽത്ത് പ്രൊഫസറുമായ ഡോ. മനോജ് ജെയിൻ. ഇന്ത്യയിൽ അടുത്ത രണ്ടോ നാലോ ആഴ്‌ചകൾ നിർണായകമായിരിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ രീതിയിലുള്ള വർധനയുണ്ടാകുമെന്നും അദ്ദേഹം ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ഗ്രാമീണ ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അടുത്ത ആഴ്‌ചകളിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്വാറന്‍റൈൻ കാലയളവ് കുറച്ചാൽ പരിണിത ഫലം എന്തായിരിക്കും?
7 മുതൽ 10 ദിവസം വരെ ആയിരിക്കണം ക്വാറന്‍റൈൻ കാലയളവ്. എന്നാൽ പൊതുജനങ്ങളിലും ആരോഗ്യ വിദഗ്‌ധരിലും കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ ക്വാറന്‍റൈൻ കാലയളവ് അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. കൊവിഡ് ബാധിക്കുന്ന വ്യക്തി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഐസൊലേഷനിൽ തുടരുകയാണെങ്കിൽ ദ്രുതഗതിയിലുള്ള വ്യാപനം നിയന്ത്രിക്കാനാകും.
അഞ്ചാം ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റീവ് ആവുകയാണെങ്കിൽ ഐസൊലേഷൻ തുടരുന്നതിനെ കുറിച്ച് വിദഗ്‌ധ അഭിപ്രായം തേടുകയാണ് നല്ലത്.
കൊവിഡ് പ്രാദേശികമായി മാത്രം ഒതുങ്ങുകയാണോ?
ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ വരുന്ന ആഴ്ചകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കേസുകളിൽ റെക്കോർഡ് വർധനവ് ഉണ്ടായേക്കാം.