എന്താണ് ഒമിക്രോണ്‍, ആശങ്ക എന്തിന് ?
സാര്‍സ് കൊവ്- 2 വിന്‍റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍. 2021 നവംബർ 24-ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഈ വകഭേദം രോഗ പ്രതിരോധ പ്രതികരണത്തിന്‍റെ പ്രധാന പോയിന്‍റായ വൈറൽ സ്പൈക്ക് പ്രോട്ടീനിൽ 30ലധികം മ്യൂട്ടേഷനുകളാണ് കാണിക്കുന്നത്.
ഒമിക്രോണിലെ മ്യൂട്ടേഷനുകളും ദക്ഷിണാഫ്രിക്കയിലെ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധനവും കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) ഒമിക്രോണിനെ ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ചു.
നിലവിൽ ഉപയോഗിക്കുന്ന പരിശോധന രീതികൾക്ക് ഒമിക്രോണ്‍ കണ്ടെത്താനാകുമോ?
സാര്‍സ് കൊവ്- 2 വേരിയന്‍റിനായുള്ള ഏറ്റവും സ്വീകാര്യമായതും സാധാരണയായി ഉപയോഗിക്കുന്നതുമായ പരിശോധന രീതി ആര്‍ടിപിസിആര്‍ രീതിയാണ്. വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കാൻ സ്പൈക്ക് (എസ്), എൻവലപ്പ്ഡ് (ഇ), ന്യൂക്ലിയോകാപ്‌സിഡ് (എൻ) തുടങ്ങിയ വൈറസിലെ പ്രത്യേക ജീനുകളെ കണ്ടെത്താന്‍ ഈ രീതിയിലൂടെ സാധിക്കും. എന്നിരുന്നാലും ഒമിക്രോണിന്‍റെ കാര്യത്തിൽ എസ് ജീൻ വളരെയധികം പരിവർത്തനം ചെയ്യപ്പെട്ടതിനാൽ ചില പ്രൈമറുകൾ എസ് ജീനിന്‍റെ അഭാവത്തെ സൂചിപ്പിക്കുന്ന ഫലങ്ങളിലേക്ക് നയിച്ചേക്കാം.(എസ് ജീൻ ഡ്രോപ്പ് ഔട്ട് എന്ന് വിളിക്കപ്പെടുന്നു).
മുൻകരുതലുകൾ എന്തൊക്കെ?
കൊവിഡുമായി ബന്ധപ്പെട്ട പഴയ മുൻകരുതലുകളും നടപടികളും തുടരേണ്ടതാണ്. മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് ഡോസ് വാക്‌സിനുകളും എടുക്കുക (ഇതുവരെ വാക്‌സിഷൻ എടുത്തിട്ടില്ലെങ്കിൽ). സാമൂഹിക അകലം പാലിക്കുക. നല്ല വായുസഞ്ചാരം പരമാവധി നിലനിർത്തുക.
മൂന്നാം തരംഗമുണ്ടാകുമോ?
ദക്ഷിണാഫ്രിക്കയ്‌ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഒമിക്രോണ്‍ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ആഫ്രിക്കയുടെ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോൾ ഇത് ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. കേസുകളുടെ വർദ്ധനവിന്‍റെ വ്യാപ്‌തിയും രോഗത്തിന്‍റെ തീവ്രതയും ഇപ്പോഴും വ്യക്തമല്ല.
ഇന്ത്യയിലെ വാക്‌സിനേഷന്‍റെ വേഗതയും ഡെൽറ്റ വേരിയന്‍റുകളുമായുള്ള ഉയർന്ന എക്‌സ്‌പോഷറും കണക്കിലെടുക്കുമ്പോൾ രോഗത്തിന്‍റെ തീവ്രത കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ശാസ്ത്രീയ പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്.
നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോണിനെതിരെ പ്രവർത്തിക്കുമോ?
നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോണിൽ പ്രവർത്തിക്കില്ല എന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും സ്പൈക്ക് ജീനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചില മ്യൂട്ടേഷനുകൾ നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറയ്ക്കും. എന്നിരുന്നാലും, വാക്‌സിൻ സംരക്ഷണം നല്‍കുന്നത് ആന്‍റിബോഡികൾ വഴിയും സെല്ലുലാർ പ്രതിരോധശേഷി വഴിയുമാണ്. ഇത് വാക്‌സിൻ എടുക്കുന്നതിലൂടെ താരതമ്യേന മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ ഗുരുതരമായ രോഗങ്ങളിൽ നിന്ന് വാക്‌സിനുകൾ ഇപ്പോഴും സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ലഭ്യമായ വാക്‌സിനേഷൻ നിര്‍ബന്ധമായും എടുക്കണം.
ഇന്ത്യ എങ്ങനെയാണ് പ്രതികരിക്കുന്നത്?
ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും കൃത്യസമയങ്ങളില്‍ ഉചിതമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. രോഗനിർണയം വികസിപ്പിക്കുന്നതിനും, ജീനോമിക് നിരീക്ഷണം നടത്തുന്നതിനും, വൈറൽ, എപ്പിഡെമിയോളജിക്കൽ സ്വഭാവ സവിശേഷതകളെക്കുറിച്ചുള്ള തെളിവുകൾ സൃഷ്‌ടിക്കുന്നതിനും, ചികിത്സാ രീതികള്‍ മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ രംഗം സജ്ജമാണ്.
എന്തുകൊണ്ടാണ് വേരിയന്‍റുകൾ ഉണ്ടാകുന്നത്?
വേരിയന്‍റുകൾ പരിണാമത്തിന്‍റെ സാധാരണ ഭാഗമാണ്. വൈറസിന് ഒരാളില്‍ ബാധിക്കാനും പകരാനും കഴിയും. അവ വികസിച്ചു കൊണ്ടേയിരിക്കും. കൂടാതെ എല്ലാ വകഭേദങ്ങളും അപകടകരമല്ല. അവ കൂടുതൽ പകർച്ചവ്യാധികളാവുകയോ ആളുകളെ വീണ്ടും ബാധിക്കുകയോ ചെയ്യുമ്പോൾ മാത്രമേ അവ അപകടകാരികളാകുന്നുള്ളൂ. വേരിയന്‍റുകളുടെ ജനറേഷൻ ഒഴിവാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടം അണുബാധകളുടെ എണ്ണം കുറയ്ക്കുക എന്നതാണ്.
ALSO READ:Omicron Scare: ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം