ഭുവനേശ്വർ (ഒഡിഷ): ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന നവദമ്പതികള്‍ക്ക് ഗർഭനിരോധന ഉറകളും, മറ്റ് ആരോഗ്യ അവശ്യവസ്‌തുക്കളുമടങ്ങിയ കുടുംബാസൂത്രണ കിറ്റുകൾ സമ്മാനിക്കാനൊരുങ്ങി ഒഡിഷ സർക്കാർ. നവദമ്പതികള്‍ക്കിടയില്‍ താത്‌കാലികവും സ്ഥിരവുമായ കുടുംബാസൂത്രണ രീതികൾ അവലംബിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് അവബോധം നല്‍കുന്നതിനായാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് (എന്‍എച്ച്‌എം) കീഴില്‍ 'നായി പഹൽ സ്‌കീം' എന്ന ഈ പുതിയ പദ്ധതി. കുടുംബാസൂത്രണത്തിന്‍റെ രീതികളും നേട്ടങ്ങളും വ്യക്തമാക്കുന്ന കൈപുസ്‌തകം, വിവാഹ രജിസ്‌ട്രേഷൻ ഫോറം, കോണ്ടം, വായയിലൂടെയും അടിയന്തരമായും അവലംബിക്കാവുന്ന ഗർഭനിരോധന മാർഗങ്ങൾ എന്നിവ അടങ്ങുന്നതാണ് 'വെഡ്ഡിങ് കിറ്റ്'.
നവദമ്പതികള്‍ക്ക് വെഡ്ഡിങ് കിറ്റുമായി ഒഡിഷ സർക്കാർ, ലക്ഷ്യം കുടുംബാസൂത്രണം പഠിപ്പിക്കല്‍ - കുടുംബാസൂത്രണ ഡയറക്‌ടര്‍
നവദമ്പതികള്‍ക്ക് ഗർഭനിരോധന ഉറകള്‍ ഉള്‍പ്പടെയുള്ള കുടുംബാസൂത്രണ കിറ്റുകള്‍ സമ്മാനിക്കാന്‍ ഒഡിഷ സർക്കാർ
ഇതുകൂടാതെ, ഗർഭ പരിശോധന കിറ്റ്, ഗ്രൂമിങ് മെറ്റീരിയലുകളായ തൂവാലകൾ, ചീപ്പ്, ബിന്ദി, നെയിൽ കട്ടർ, മിറർ എന്നിവയും കിറ്റിലുണ്ടാകും. നവദമ്പതികൾക്കുള്ള കിറ്റുകള്‍ വിതരണം ഈ വർഷം സെപ്‌റ്റംബർ മുതൽ ആരംഭിക്കുന്നതിനുള്ള ചുമതല അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്‌റ്റുകളെ (ആശ വര്‍ക്കര്‍മാരെ) ഏൽപ്പിക്കുമെന്ന് കുടുംബാസൂത്രണ ഡയറക്‌ടര്‍ ഡോ. ബിജയ് പാനിഗ്രാഹി അറിയിച്ചു. മാത്രമല്ല, ഇവ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആശ വര്‍ക്കര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി വരികയാണ്.
"കുടുംബാസൂത്രണ രീതികൾ സ്വീകരിക്കാൻ നവദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ അവർക്ക് 'നവ ദമ്പതി കിറ്റ്' അല്ലെങ്കിൽ 'നായി പഹൽ കിറ്റ്' സമ്മാനിക്കുന്നു. കുടുംബാസൂത്രണത്തെ സംബന്ധിച്ച വിവരങ്ങള്‍, കോണ്ടം പോലുള്ള ഗർഭനിരോധന മാർഗങ്ങൾ, അടിയന്തര ഗർഭനിരോധന ഗുളികകൾ, ഗ്രൂമിങ് കിറ്റ് എന്നിവ കിറ്റില്‍ അടങ്ങിയിരിക്കുന്നു" എന്ന് ഡോ. ബിജയ് പാനിഗ്രാഹി കൂട്ടിച്ചേര്‍ത്തു.