ന്യൂഡല്‍ഹി:പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയ വക്‌താവ് നുപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നുപുര്‍ ശര്‍മയുടെ പ്രസ്‌താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്കാണ് നയിച്ചത്. ഉദയ്‌പൂരിലെ കനയ്യലാല്‍ എന്ന ടൈലറുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്‌താവനയാണ്.
നുപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി; "മാപ്പ് പറയണം.. പ്രവാചകനെതിരായ പ്രസ്‌താവന രാജ്യത്ത് തീ പടര്‍ത്തി"
കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വ്യാപി വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച ടെലിവിഷന്‍ ചാനലിനേയും സുപ്രീംകോടതി വിമര്‍ശിച്ചു.
പ്രസ്‌താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. വില കുറഞ്ഞ പ്രശസ്‌തിയോ, രാഷ്ട്രീയ അജണ്ടയോ, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ഗൂഢ ലക്ഷ്യമോ ആണ് പ്രസ്‌താവനയ്‌ക്ക് പിന്നിലെന്നും ജസ്റ്റിസ് സൂര്യകാന്ത് കുറ്റപ്പെടുത്തി. തനിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നുപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
നുപര്‍ ശര്‍മയ്‌ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് ഡല്‍ഹിക്ക് പുറത്ത് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടികാണിച്ചപ്പോള്‍ ജസ്‌റ്റീസ് സൂര്യകാന്തിന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു: "നുപുര്‍ ശര്‍മയ്‌ക്കാണോ ഭീഷണി അല്ല നുപുര്‍ ശര്‍മ രാജ്യത്തിന് സുരക്ഷഭീഷണിയായി മാറിയോ?" ഗ്യാന്‍വ്യാപി വിഷയത്തില്‍ ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്‌താവന. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച നടത്തിയതിനേയും സുപ്രീംകോടതി വിമര്‍ശിച്ചു.