ന്യൂഡൽഹി :ട്വീറ്റില്‍ പുലിവാല് പിടിച്ച് വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ്. #BoycottHyundai ക്യാപെയ്‌ന്‍ ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ പ്രചാരത്തിലായിരിക്കുകയാണ്. എല്ലാ വർഷവും ഫെബ്രുവരി 5ന് പാകിസ്ഥാൻ ആചരിക്കുന്ന 'കശ്മീർ സോളിഡാരിറ്റി ഡേ'യെ പിന്തുണച്ചുകൊണ്ട് ഹ്യുണ്ടായ് പാകിസ്ഥാൻ വാഹന കമ്പനിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്‌തതാണ് തലവേദനയായിരിക്കുന്നത്. ട്വീറ്റിനെ തുടർന്നാണ് കമ്പനിയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള ക്യാംപെയ്‌നിന്‍റെ തുടക്കം. ക്യാംപെയ്‌നിന് ഇതിനകം ഒരു ലക്ഷത്തിലധികം ട്വീറ്റുകൾ ലഭിച്ചു കഴിഞ്ഞു.
കശ്‌മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ സ്‌മരിക്കാം, അവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ പിന്തുണക്കാം #KashmirSolidarityDay എന്നതായിരുന്നു കമ്പനിയുടെ ട്വീറ്റ്.
ട്വീറ്റിൽ രോഷാകുലരായ ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ വിഷയത്തിൽ നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ട്വീറ്റിൽ ഹ്യുണ്ടായ് ഇന്ത്യയെ ടാഗ് ചെയ്യാൻ തുടങ്ങി. ഇതോടെ കമ്പനിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ട്രെൻഡിങ് ആകാൻ തുടങ്ങി. വിശദീകരണം ആവശ്യപ്പെട്ട പലരെയും ഹ്യുണ്ടായ് ഇന്ത്യ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. എന്നാൽ ദിവസാവസാനം ആയപ്പോഴേക്കും ദേശീയതയെ ബഹുമാനിക്കുന്നതിനുള്ള ഞങ്ങളുടെ ശക്തമായ ധാർമികതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹ്യുണ്ടായ് ഔദ്യോഗിക പ്രസ്‌താവനയിറക്കി.