ന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനം മൂലം ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ 2060 ഓടെ ശുദ്ധജല ലഭ്യതയിൽ കടുത്ത ക്ഷാമം നേരിടുമെന്ന് പഠനങ്ങൾ പറയുന്നു. നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ തിങ്കളാഴ്‌ച(15.08.2022) പ്രസിദ്ധീകരിച്ച പഠനത്തിലാണ് വരാനിരിക്കുന്ന ശുദ്ധജല ക്ഷാമത്തെ കുറിച്ച് അറിയിച്ചത്. ഇത് മധ്യേഷ്യയിലെയും അഫ്‌ഗാനിസ്ഥാനിലെയും ജലവിതരണത്തിന്‍റെ മൊത്തത്തിലുള്ള തകർച്ചയ്‌ക്കും നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഉത്തരേന്ത്യയിലും പാകിസ്ഥാനിലും മൊത്തത്തിലുള്ള തകർച്ചയ്‌ക്കും കാരണമാകുമെന്ന് ഗവേഷകർ പറഞ്ഞു.
ഏഷ്യയിലെ "വാട്ടർ ടവർ" എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി താഴ്‌വരയിൽ ഭൂഗർഭ ജലസംഭരണത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം കൂടുതലായി പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. ടിബറ്റൻ പീഠഭൂമി ഏകദേശം 2 ബില്യൺ ആളുകൾക്ക് ജലത്തിന്‍റെ ഗണ്യമായ ഒരു ഭാഗം നൽകുന്നുവെന്നും അന്താരാഷ്‌ട്ര ഗവേഷകർ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി ഫോസിൽ ഇന്ധനം കത്തിക്കുന്നത് കുറക്കാനുളള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വാരങ്ങളിൽ നൂറ് ശതമാനവും ജലലഭ്യതയിൽ നഷ്‌ടം സംഭവിക്കാമെന്ന് യുഎസിലെ പെൻ സ്‌റ്റേറ്റിലെ അന്തരീക്ഷ ശാസ്‌ത്രത്തിൽ പ്രൊഫസറായ മൈക്കൽ മാൻ പറഞ്ഞു.