നോയിഡ :സെക്യൂരിറ്റി ജീവനക്കാരനെതിരെ സാമുദായിക അധിക്ഷേപം നടത്തുകയും മര്‍ദിക്കുകയും ചെയ്‌ത യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകയായ ഭവ്യ റോയ് (32) ആണ് പിടിയിലായത്. പ്രതിയായ യുവതി സുരക്ഷ ജീവനക്കാരനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നതും കൈയേറ്റം നടത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നോയിഡ പൊലീസിന്‍റെ നടപടി.
സുരക്ഷ ജീവനക്കാരനെതിരെ സാമുദായികാധിക്ഷേപവും കൈയേറ്റവും, അഭിഭാഷക അറസ്‌റ്റില്‍ - ജെയ്‌പീ ഗ്രീൻസ് വിഷ്
അഭിഭാഷകയായ യുവതി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോയിഡ പൊലീസ് യുവതിയെ അറസ്‌റ്റ് ചെയ്‌തത്
നോയിഡയിലെ ജെയ്‌പീ ഗ്രീൻസ് വിഷ് ടൗണിൽ ശനിയാഴ്‌ച (20-08-2022) വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം. കാറിലെത്തിയ യുവതി ഗേറ്റ് തുറക്കാനെത്തിയ തനിക്കെതിരെ മോശമായി പെരുമാറുകയായിരുന്നെന്നാണ് സുരക്ഷ ജീവനക്കാരന്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. സംഭവസമയത്ത് മദ്യപിച്ചിരുന്ന യുവതി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സെക്യൂരിറ്റി ജീവനക്കാരന്‍ അനൂപ് കുമാര്‍ വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ മതം, വംശം മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ മുതലായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയായ ഭവ്യ റോയിയെ അറസ്‌റ്റ് ചെയ്‌തത്. യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി നോയിഡ സെക്‌ടർ 126 പൊലീസ് സ്റ്റേഷൻ ഇൻചാർജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.