ന്യൂഡൽഹി:കൊവിഡ്-19 വാക്‌സിൻ എടുക്കാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ വേണ്ടെന്ന് വെയ്ക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്. വാക്‌സിൻ എടുക്കാത്തവർക്ക് എതിരായ നടപടി ഏകപക്ഷീയമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമാണ് വിധി. വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണമേർപ്പെടുത്തിയത് വിമർശനാത്മകമാണെന്നും വാക്‌സിൻ എടുക്കാത്ത വ്യക്തികൾക്ക് പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്നും നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്‌സിന്‍റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.