ബെംഗളുരു:കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി കർണാടക സർക്കാർ. കൊവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കർണാടക സർക്കാറിന്‍റെ പുതിയ ഉത്തരവ്. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ ഉത്തരവ് തിരുത്തിയാണ് പുതിയ കൊവിഡ് മാനദണ്ഡം പുറത്തിറക്കിയത്.
ഉത്തരവില്‍ എന്താണ് മാറ്റം
സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കാൻ കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസ് സ്വീകരിക്കണം. അല്ലെങ്കില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്. ഇതായിരുന്നു വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത് മാറിയാണ് കൊവിഡ് വാക്സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചാല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കര്‍ണാടകയില്‍ പ്രവേശിക്കാമെന്ന് ഉത്തരവ് പുതുക്കിയത്. അടിയന്തര സാഹചര്യമാണെങ്കില്‍ സ്വാബ് പരിശോധന നടത്തി വ്യക്തി വിവരങ്ങൾ നൽകിയാല്‍ മതി.
ആശങ്കയായി ഡെൽറ്റ പ്ലസ്
കൊവിഡ് രണ്ടാംതരംഗം നിയന്ത്രണ വിധേയമായി വരുന്നുണ്ടെങ്കിലും വൈറസ് വകഭേദമാണ് ഭീഷണിയായി തുടരുന്നത്. ഏറ്റവും അപകടകാരിയാണ് കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്‍റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണ് ഇത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.
ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ പ്രതിരോധ നടപടികൾ, പരിശോധന, വാക്‌സിനേഷൻ എന്നിവ വേഗത്തിലാക്കാനും ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. അതേ സമയം ഡെൽറ്റ പ്ലസ് വകഭേദം കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജി മേധാവി ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
ALSO READ:കർണാടകയിൽ പ്രവേശിക്കാൻ മഹാരാഷ്ട്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് മതി