തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്ര പരിസരങ്ങള്‍ ഇപ്പോഴും തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപന്‍. ക്ഷേത്രവളപ്പുകളിൽ ആർഎസ്‌എസ് ശാഖ പാടില്ല എന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര പരിസരങ്ങളില്‍ കായിക പരിശീലനം തടഞ്ഞു കൊണ്ടുളള സര്‍ക്കുലര്‍ നിലനില്‍ക്കെത്തന്നെ പല ക്ഷേത്രങ്ങളുടെ പരിസരങ്ങളിലും ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായും ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
'ക്ഷേത്ര പരിസരങ്ങള്‍ ക്ഷേത്രത്തിന്‍റെ ആചാരപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ട്. അത് രാഷ്ട്രീയ പ്രവര്‍ത്തന വേദിയാക്കുന്നത് ക്ഷേത്രാചാരങ്ങളോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് എല്ലാത്തരത്തിലുമുള്ള കായിക പരിശീലനങ്ങളും ക്ഷേത്ര പരിസരങ്ങളില്‍ തടഞ്ഞു കൊണ്ടുള്ള മുന്‍ സര്‍ക്കുലര്‍ പുതുക്കിയത്,' അനന്തഗോപന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
2016ലാണ് ക്ഷേത്ര പരിസരങ്ങളില്‍ കായിക പരിശീലനം തടഞ്ഞു കൊണ്ടുള്ള സര്‍ക്കുലര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയത്. ഈ സര്‍ക്കുലറില്‍ ആര്‍എസ്എസിനെ പേരെടുത്ത് സൂചിപ്പിച്ചിരുന്നില്ലെങ്കിലും ലക്ഷ്യം വയ്ക്കുന്നത് ആരെയെന്ന് വ്യക്തമായിരുന്നു. 2021ല്‍ സര്‍ക്കുലര്‍ വീണ്ടും പുതുക്കിയെങ്കിലും ചില ക്ഷേത്ര പരിസരങ്ങളില്‍ ഇപ്പോഴും സര്‍ക്കുലര്‍ വകവയ്ക്കാതെ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നത് ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുതുക്കിയിറക്കിയത്.
നേരത്തേ എ പത്മകുമാറും എന്‍ വാസുവും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരായിരിക്കേയാണ് ക്ഷേത്ര പരിസരങ്ങളില്‍ കായിക പരിശീലനം തടഞ്ഞു കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്തെ ചെറുതും വലുതുമായ ക്ഷേത്രങ്ങളെ ശാഖ നടത്തുന്നതിനും കായിക പരിശീലനത്തിനുമായി ആര്‍എസ്എസ് വര്‍ഷങ്ങളായി ഉപയോഗിക്കുകയാണ്. ഇതിലൂടെ ക്ഷേത്ര വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടുക എന്ന ആര്‍എസ്എസ് തന്ത്രമാണ് വര്‍ഷങ്ങളായി കേരളത്തില്‍ നടന്നു വരുന്നത്.
ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയമായി വളര്‍ച്ച കൈവരിക്കുക എന്ന ആര്‍എസ്എസ് ബിജെപി തന്ത്രത്തിന് തടയിടുക കൂടിയാണ് സര്‍ക്കുലര്‍ പുതുക്കിയതിലൂടെ ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. അതേസമയം കേരളത്തിലെ മറ്റ് ദേവസ്വം ബോര്‍ഡുകള്‍ ഇത്തരത്തിലുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നിരോധനത്തിന് സംസ്ഥാന വ്യാപകമായി പ്രാബല്യമുണ്ടായിരിക്കില്ല.
കർശനമായ ഉത്തരവിങ്ങനെ: ക്ഷേത്രവളപ്പുകളിൽ ആർഎസ്‌എസ് ശാഖ പാടില്ലെന്ന കർശന ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഘപരിവാർ സംഘടനകൾ ക്ഷേത്രസ്വത്ത് ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി 2021 മെയ് 18ന് സർക്കുലർ പുറത്തിറങ്ങിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറഞ്ഞു. ബോർഡിന്‍റെ ഉത്തരവ് പാലിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ദേവസ്വം ബോർഡിന്‍റെ ക്ഷേത്ര സമുച്ചയങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാത്തരം ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ട് 2016ൽ ബോർഡ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട് 2021 മാർച്ച് 30 ന്, ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ബോർഡ് വീണ്ടും സർക്കുലർ പുറപ്പെടുവിച്ചു. എന്നാൽ ഇവയൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് കടുത്ത നിർദേശങ്ങളുമായി പുതിയ ഉത്തരവ്.
2016ൽ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേരളത്തിലെ ക്ഷേത്രങ്ങളെ രാഷ്‌ട്രീയ ആയുധമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു. ക്ഷേത്രപരിസരത്ത് ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഇത്തവണ വീണ്ടും സർക്കുലർ ഇറക്കിയതിന് നിലവിലെ സാഹചര്യത്തിൽ മാറ്റം ഉണ്ടാക്കുമോയെന്നത് ഉദ്യോഗസ്ഥരുടെ നിയമത്തോടുള്ള സഹകരണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും.
ക്ഷേത്രപരിസരത്ത് ആർഎസ്എസ് സംഘടിപ്പിക്കുന്ന മാസ് ഡ്രില്ലുകളും മറ്റും അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മേയ് 18ന് അധികാരപരിധിയിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും സർക്കുലർ നൽകിയിരുന്നു. ഇത് കർശനമായി പാലിക്കണമെന്നും ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിൽ പറയുന്നു. ക്ഷേത്രാചാരങ്ങൾക്കും ഉത്സവങ്ങൾക്കും ഒഴികെ ക്ഷേത്രപരിസരം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർച്ച് 30ന് ഉത്തരവിറക്കിയിരുന്നു.