ന്യൂഡല്‍ഹി: ഖാര്‍കിവിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ധികളാക്കിയെന്ന റഷ്യയുടെ ആരോപണം തള്ളി ഇന്ത്യ. ഖാർകിവിൽ ഇന്ത്യൻ വിദ്യാർഥികളെ ബന്ദികളാക്കിയെന്ന തരത്തില്‍ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നഗരത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വിദ്യാർഥികളെ രാജ്യത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തേക്ക് എത്തിക്കുന്നതിനായി പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കുന്നതിന് യുക്രൈന്‍ അധികൃതരുടെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു. ഖാർകിവിലെ ചില ഇന്ത്യൻ വിദ്യാർഥികളെ യുക്രൈന്‍ സുരക്ഷാസേന ബന്ദികളാക്കിയെന്ന് റഷ്യ ആരോപിച്ചിരുന്നു.
'യുക്രൈനിലെ എംബസി ഇന്ത്യൻ പൗരരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്. യുക്രൈന്‍ അധികൃതരുടെ സഹകരണത്തോടെ നിരവധി വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഖാർകിവ് വിട്ടു,' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.