ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും, കോണ്‍ഗ്രസിന്‍റെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ച പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് മുഖ്യമന്ത്രി കസേരക്കായി മുന്നിലുള്ളത്. ഇപ്പോൾ സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡി കെ ശിവകുമാർ.
'സിദ്ധരാമയ്യയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് ചിലർ പറയുന്നു, സത്യത്തിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചു. ത്യാഗം സഹിച്ചും സഹായിച്ചും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു. സിദ്ധരാമയ്യക്ക് സഹകരണം നൽകിയിട്ടുണ്ട്. തുടർന്നും ആ സഹകരണം തുടരും', തുംകൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കവെ ഡി കെ ശിവകുമാർ പറഞ്ഞു.
224 മണ്ഡലങ്ങളിലെ 136 സീറ്റുകളും തൂത്തുവാരി കർണാടകയിൽ വെന്നിക്കൊടി പാറിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ബെംഗളൂരുവിൽ ഇന്ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നിട്ടുണ്ട്.
മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും തീരുമാനിക്കാൻ പാർട്ടി ഹൈക്കമാൻഡിന് അധികാരം നൽകുന്ന പ്രമേയം നേതാക്കൾ പാസാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ പരിഗണന സിദ്ധരാമയ്യക്കാണെന്നും അതിനാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിനും താത്‌പര്യമെന്നും വൃത്തങ്ങൾ അറിയിച്ചു.