മോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി, തിരിച്ചടിച്ച് സ്‌മൃതി ഇറാനി ന്യൂഡല്‍ഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയില്‍ ബിജെപിയേയും പ്രധാനമന്ത്രി മോദിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ ഭാരത മാതാവാണ് കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ പാർലമെന്‍റില്‍ പറഞ്ഞു. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം. കുംഭകർണനും മേഘനാഥനും പറയുന്നതാണ് രാവണൻ കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയേയും അമിത് ഷായെയുമാണെന്നും രാഹുല്‍ പരിഹസിച്ചു.
മണിപ്പൂർ ഇന്ത്യയിലെല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവമെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചു. മണിപ്പൂരില്‍ കൊലചെയ്യപ്പെട്ടത് ഇന്ത്യയാണ്. മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് ഞാൻ മണിപ്പൂരില്‍ പോയിരുന്നു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
തിരിച്ചടിച്ച് സ്‌മൃതി ഇറാനി:രാഹുലിന്‍റെ പ്രസംഗം കഴിഞ്ഞതോടെ മോദി വിളികളുമായി ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റു. മറുപടി പ്രസംഗം നടത്തിയ സ്‌മൃതി ഇറാനി രൂക്ഷ വിമർശനമാണ് രാഹുലിനും കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും എതിരെ നടത്തിയത്. 'നിങ്ങൾ ഇന്ത്യയല്ല, നിങ്ങൾ അഴിമതിയാണ്. ഇന്ത്യ വിശ്വസിക്കുന്നത് യോഗ്യതയിലാണ്. അല്ലാതെ കുടുംബ വാഴ്‌ചയിലല്ല. ഭാരത മാതാവ് കൊലചെയ്യപ്പെട്ടു എന്ന് പറഞ്ഞപ്പോൾ കോൺഗ്രസുകാർ ആർത്തുവിളിക്കുകയായിരുന്നു.
തൊണ്ണൂറുകളില്‍ കശ്‌മീരി പണ്ഡിറ്റുകൾ നേരിട്ട അതിക്രൂര പീഡനങ്ങൾക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ല. അത് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു'.
രാഹുല്‍ ഇന്ന് പാർലമെന്‍റില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:' ഇന്ന് ഹൃദയത്തിന്‍റെ ഉള്ളില്‍ നിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്‌ടം' എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. എന്നത്തേയും പോലെ സർക്കാരിന് എതിരെ കടുത്ത ഭാഷയില്‍ ആക്രമണം നടത്താൻ ഞാൻ താല്‍പര്യപ്പെടുന്നില്ല. എന്തിനാണ് ഞാൻ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എന്തിനാണ് ഈ യാത്രയെന്ന് എനിക്കും വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ ഇന്ത്യയെ അറിയാനാണ് ഈ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു, രാഹുല്‍ പറഞ്ഞു.
മണിപ്പൂരിലെത്തി അവിടുത്തെ സ്ത്രീകളും കുട്ടികളുമായും ഞാൻ സംസാരിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ അത് ചെയ്‌തില്ല. മണിപ്പൂരില്‍ എന്‍റെ അമ്മയെയാണ് നിങ്ങൾ വധിച്ചത്. നിങ്ങൾ ദേശ സ്‌നേഹികളല്ല. രാജ്യദ്രോഹികളാണ്. ഈ സർക്കാരിന്‍റെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ ഇന്ത്യയെ കൊന്നത്. ഞാൻ മണിപ്പൂർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ മണിപ്പൂർ ഇപ്പോൾ ഇല്ല. ഇന്ത്യൻ സേനയ്ക്ക് ഒറ്റദിവസം കൊണ്ട് മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനാകും. എന്നാല്‍ സർക്കാർ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെന്നും രാഹുല്‍ ആരോപണമുയർത്തി.
പ്രസംഗത്തില്‍ അദാനിയെ കുറിച്ച് പരാമർശിച്ച രാഹുല്‍ ഗാന്ധി, അദാനിയെ കുറിച്ച് ഞാൻ ഇവിടെ മുൻപ് പറഞ്ഞത് നിങ്ങളുടെ മുതിർന്ന നേതാവിന് വേദനയുണ്ടാക്കി എന്നാണ് വിശദീകരിച്ചത്. ഇന്ന് അദാനിയെ കുറിച്ച് ഞാൻ ഒന്നും പറയില്ലെന്ന് പറഞ്ഞ ശേഷമാണ് മണിപ്പൂർ വിഷയത്തിലേക്ക് രാഹുല്‍ കടന്നത്.