പട്‌ന : എന്‍ഡിഎ സഖ്യം വിട്ട നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. നിതീഷ് കുമാര്‍ സ്ഥിരം ചതിയാനാണെന്ന് ബിജെപി പ്രതികരിച്ചു. ആര്‍ജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ ബിഹാറിനെ ക്രമസമാധാനമില്ലായ്‌മയിലേക്കും അഴിമതിയിലേക്കുമാണ് നിതീഷ് കുമാര്‍ നയിച്ചിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
എൻഡിഎ സഖ്യം വിട്ടിറങ്ങിയ നിതീഷ് കുമാറിനെ സ്ഥിരം ചതിയനെന്ന് വിശേഷിപ്പിച്ച് ബിജെപി - നിതീഷ് കുമാര്‍
ആര്‍ജെഡിയുമായി സഖ്യത്തിലായതിലൂടെ നിതീഷ് കുമാര്‍ ബിഹാറിനെ 'ജങ്കിള്‍ രാജി'ലേക്ക് വീണ്ടും നയിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
ബിഹാറിലുടനീളം ബുധനാഴ്‌ച(10.08.2022) നിതീഷ് കുമാറിന്‍റെ 'ചതി'ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചു. നിതീഷ്‌കുമാറിന്‍റെ സമ്മതമില്ലാതെയാണ് ജെഡിയുവിലെ ആര്‍സിപി സിങ്ങിനെ കേന്ദ്ര മന്ത്രിയാക്കിയതെന്നുള്ളത് പച്ചക്കള്ളമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി ട്വീറ്റു ചെയ്‌തു. ജെഡിയുവില്‍ വിഭജനമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു കള്ളമാണ്. സഖ്യത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണങ്ങള്‍ നിതീഷ്‌കുമാര്‍ കണ്ടെത്തുകയായിരുന്നുവെന്നും സുശീല്‍ കുമാര്‍ മോഡി പ്രതികരിച്ചു.
നിതീഷ് കുമാറിന് ഉറച്ച രാഷ്ട്രീയ നിലപാടില്ലെന്നും ബിജെപി വിമര്‍ശിച്ചു. ബിജെപി വര്‍ഗീയമാണ് എന്ന് പറഞ്ഞിരുന്ന നിതീഷ് ആയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണം പ്രക്ഷോഭം മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്ത് തങ്ങളുമായി സഖ്യത്തിലായെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കാലിത്തീറ്റ അഴിമതിയില്‍ ലാലു പ്രസാദിനെതിരെ തങ്ങളോടൊപ്പം നിന്ന് പോരാടിയ നിതീഷ്‌കുമാര്‍ ഇപ്പോൾ ബിജെപി സഖ്യം വിട്ട് ലാലുവുമായി കൈകോര്‍ത്തെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.