ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കൻമാർ, ജഡ്‌ജിമാർ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയും എൻഡിഎ നേതാവുമായ നിതീഷ് കുമാർ. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎയില്‍ നിന്ന് പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ നേതാവാണ് നിതീഷ് കുമാർ.
പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ തുടങ്ങിയത് മുതല്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രക്ഷോഭത്തിലാണ്. ഈ സാഹചര്യത്തിലാണ് ഭരണ കക്ഷിയില്‍ നിന്ന് പെഗാസസ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ' ഇക്കാര്യത്തില്‍ എന്തായാലും അന്വേഷണം നടത്തണം. കഴിഞ്ഞ കുറെ ദിവസങ്ങളായി ഫോൺ ചോർത്തല്‍ സംബന്ധിച്ചുള്ള വാർത്തകൾ കേൾക്കുന്നുണ്ട്. ഈ വിഷയം പാർലമെന്‍റില്‍ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
നിതീഷിന്‍റെ നീക്കത്തില്‍ ജാഗ്രതയോടെ ബിജെപി
എൻഡിഎയില്‍ ബിജെപിക്ക് ഒപ്പം ശക്തമായി നിലകൊള്ളുന്ന പാർട്ടിയായ ജെഡിയുവില്‍ നിന്ന് പെഗാസസ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത് ദേശീയ തലത്തില്‍ വലിയ ചർച്ചയാകും. മമത ബാനർജി പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടതും പ്രതിപക്ഷ ഐക്യത്തിന് വേണ്ടി കോൺഗ്രസ് ശ്രമിക്കുന്നതും ബിജെപിയെ ആശങ്കയിലാക്കുന്നതിനിടെയാണ് നിതീഷ് എൻഡിഎയില്‍ വിമത സ്വരം ഉയർത്തുന്നത്.