പട്‌ന:വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മത്സരം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആശയപരമായി ഒത്തുപോവുന്ന പാർട്ടികളെ ചേര്‍ത്തുള്ള യോഗം വിളിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതിനായി, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാവേണ്ടതുണ്ട്. യാത്രയെ ആ പാർട്ടിയുടെ ആഭ്യന്തര പരിപാടിയായാണ് കാണുന്നതെങ്കിലും തന്‍റെ സര്‍ക്കാരിലെ ഘടക കക്ഷികളുടെ സഹകരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
'ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം വിളിക്കും'; രാഹുലിന്‍റെ ജോഡോ യാത്ര കഴിയാന്‍ കാത്തിരിക്കുന്നുവെന്ന് നിതീഷ് കുമാര്‍
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ വേണ്ടിയാണ് നിതീഷ് കുമാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാന്‍ ഒരുങ്ങുന്നത്
'ഭാരത് ജോഡോ യാത്ര അവസാനിക്കാനും ബിജെപി വിരുദ്ധ പാർട്ടികളുമായി യോഗം വിളിക്കാനും താൻ കാത്തിരിക്കുകയാണ്. ഈ യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ഞങ്ങൾ ചർച്ച ചെയ്യും. അത് വൈകാതെ നടക്കും' - നീതീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. നിതീഷ് കുമാറിന്‍റെ പാര്‍ട്ടിയായ ജെഡിയു ദുര്‍ബലമാവുകയാണെന്ന് ഇതേ പാര്‍ട്ടിയിലെ പ്രമുഖ നേതാവും പാർലമെന്‍ററി ബോർഡ് മേധാവിയുമായ ഉപേന്ദ്ര കുശ്‌വാഹ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച നിതീഷ്, പാര്‍ട്ടി ദുര്‍ബലമല്ലെന്നും ഉപേന്ദ്രയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പറഞ്ഞു. നേരത്തേ എൻഡിഎ സഖ്യകക്ഷിയിലായിരുന്ന ജെഡിയു 2022 ഓഗസ്റ്റിലാണ് മുന്നണി വിട്ടത്. തന്‍റെ പാർട്ടിയെ പിളർത്താനും ഭരണം അട്ടിമറിക്കാനും ബിജെപി ശ്രമിക്കുന്നതായി അദ്ദേഹത്തിന് സൂചന ലഭിച്ചതോടെ ആയിരുന്നു ഈ നീക്കം.