ന്യൂഡൽഹി : ഇന്ത്യന്‍ നിരത്തുകളില്‍ സുരക്ഷിതമായ വാഹനങ്ങള്‍ മാത്രമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാമിന് (Bharat New Car Assessment Programme) ഓഗസ്റ്റ് 22ന് തുടക്കം കുറിക്കും. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയാണ് (Nitin Gadkari) ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുക. പുതിയ പദ്ധതിയിലൂടെ സുരക്ഷിതമായ വാഹനങ്ങളുടെ നിര്‍മാണം ഉറപ്പാക്കാനാകുമെന്നും റോഡ് സുരക്ഷ മെച്ചപ്പെടുത്താനാകുമെന്നുമാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ.
3.5 ടണ്ണില്‍ താഴെ ഭാരമുള്ള എം1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കാണ് ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാം ബാധകമാകുക. ആഗോള ഏജൻസിയായ ഗ്ലോബൽ എൻസിഎപിക്ക് പകരം ഇന്ത്യയിലെ കാർ നിർമാതാക്കൾ സുരക്ഷ റേറ്റിങുകൾ നേടുന്നതിന് ഇനി ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാമിലൂടെ കടന്ന് പോകേണ്ടതായി വരും. ഇതോടെ സുരക്ഷ റേറ്റിങിനായി കാറുകളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള അധിക ചെലവ് കാര്‍ കമ്പനികള്‍ക്ക് ഒഴിവാകും.
ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമിച്ച കാറുകൾക്കൊപ്പം ഇന്ത്യയിൽ വാഹനങ്ങൾ നിർമിക്കുകയോ മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന കാർ നിർമാതാക്കളും ഭാരത് എൻസിഎപിക്ക് മുന്നില്‍ സ്വമേധയാ സുരക്ഷ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS)-197 അനുസരിച്ചായിരിക്കും ക്രാഷ് ടെസ്റ്റും സേഫ്‌റ്റി റേറ്റിങുകളും നിശ്ചയിക്കുക.