ന്യൂഡൽഹി : നിതി ആയോഗ് സുസ്ഥിര വികസന സൂചികയുടെ മൂന്നാം പതിപ്പിലും ഒന്നാം സ്ഥാനം നേടി കേരളം. കഴിഞ്ഞ രണ്ട് തവണയും സംസ്ഥാനം ഒന്നാമതായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് പോയിന്‍റ് മെച്ചപ്പെടുത്തിയാണ് കേരളം ഈ നേട്ടം കരസ്ഥമാക്കിയത്. 75 പോയിന്‍റാണ് സംസ്ഥാനത്തിന് ലഭിച്ചത്. 52 പോയിന്‍റുമായി ബിഹാർ ആണ് പട്ടികയിൽ ഏറ്റവും പുറകിൽ.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. 2018 ലാണ് സുസ്ഥിര വികസന സൂചിക റിപ്പോർട്ട് ആരംഭിച്ചത്. 69 പോയിന്‍റ് നേടിയാണ് കേരളം അന്ന് ഒന്നാമതെത്തിയത്. 2019ൽ സംസ്ഥാനത്തിന്‍റെ പോയിന്‍റ് 70 ആയി. ദാരിദ്ര്യ നിർമാര്‍ജനം, വിശപ്പ് രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളിലും കേരളം ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടി.