ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗം സമ്പദ്‌വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം മറികടക്കാൻ എട്ടിന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ആകെ 6.28 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
Also Read:ബാറുകള്‍ തുറന്നു ; ബിയറും വൈനും മാത്രം
സാമ്പത്തിക- ആരോഗ്യ രംഗത്തെ വീണ്ടെടുപ്പിനായി 1.1 ലക്ഷം കോടി രൂപയുടെ വായ്‌പയാണ് പ്രധാന പ്രഖ്യാപനം. അതിൽ 50,000 കോടി രൂപയും ആരോഗ്യമേഖലയ്‌ക്ക് ആണ്. കൂടാതെ കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് പൊതു ആരോഗ്യ രംഗത്ത് 23,220 കോടി രൂപ കേന്ദ്രം അനുവദിക്കും.
പ്രധാന പ്രഖ്യാപനങ്ങൾ
1.1 ലക്ഷം രൂപയുടെ വായ്‌പ പദ്ധതി
കൊവിഡ് ബാധിത മേഖലകളുടെ ഉണർവിനായി 1.1ലക്ഷം കോടി രൂപയുടെ വായ്‌പ ഗ്യാരന്‍റി പദ്ധതിയാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. അതിൽ 50,000 കോടി ആരോഗ്യ മേഖലയ്‌ക്കും 60,000 കോടി മറ്റ് മേഖലകൾക്കും ആണ്. എട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിലായി ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണനയുണ്ട്.
നിലവിലുള്ള പദ്ധതികൾക്കും പുതിയ പദ്ധതികൾക്കും വായ്‌പ നൽകുന്നതിൽ തുല്യ പ്രാധാന്യം ഉണ്ടാകും. പരമാവധി 100 കോടി വരെയാണ് ആരോഗ്യ മേഖലയ്‌ക്ക് വായ്‌പ അനുവദിക്കുക. 7.95 ശതമനം വരെയാണ് ആരോഗ്യ മേഖലയിലെ വായ്‌പകൾക്ക് മേലുള്ള പദ്ധതി. മറ്റ് മേഖലകൾക്ക് 8.25 ശതമാനം ആണ് പലിശ നിരക്ക്.
വിനോദ സഞ്ചാര മേഖലയുടെ ഉണർവ്
വിനോദ സഞ്ചാര മേഖലയ്‌ക്ക് ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെത്തുന്ന ആദ്യ 5 ലക്ഷം സഞ്ചാരികൾക്ക് കേന്ദ്രം സൗജന്യ വിസ അനുവദിക്കും.
കൂടാതെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വായ്‌പ പദ്ധതിയും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയും സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരെയുമാണ് ലോണ്‍ അനുവദിക്കുന്നത്.
25 ലക്ഷം പേർക്ക് വായ്‌പ
രാജ്യത്തെ 25 ലക്ഷം ആളുകൾക്ക് ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്‌പ നൽകും. ഒരാൾക്ക് 1.25 ലക്ഷം രൂപ പരമാവധി ലഭിക്കും. പരമാവധി മൂന്ന് വർഷമാണ് തിരിച്ചടവിന്‍റെ കാലാവധി.
ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ്
ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് എത്തിക്കാൻ ഭാരത്‌നെറ്റ് പദ്ധതിയിലൂടെ 19,041 കോടി രൂപ അനുവദിക്കും. നിലവിൽ 2.5 കോടി ഗ്രാമ പഞ്ചായത്തുകളില്‍ 1.56 ലക്ഷം പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും നിർമല സീതാരാമൻ അറിയിച്ചു.
Also Read: കൊവിഡ് വാക്‌സിനേഷൻ; യുഎസിനെ മറികടന്നത് ചരിത്രപരമെന്ന് ഹർഷ് വർധൻ
കൂടാതെ ദേശീയ ഭക്ഷ്യ സുരക്ഷയ്‌ക്ക് കീഴിലുള്ള പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഈ വർഷം നവംബർ വരെ നീട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിക്ക് കീഴിൽ 1.33 ലക്ഷം കോടി രൂപ സർക്കാർ ചെലവഴിച്ചെന്നും ഇത്തവണ 93,869 കോടി രൂപ ചെലവാകുമെന്നും നിർമല സീതാരാമൻ വിശദീകരിച്ചു.
സംഘടിത മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ആത്മ നിർഭർ റോസ്‌ഗാർ യോജനയും 2022 മാർച്ച് 31 വരെ കേന്ദ്രം നീട്ടിയിട്ടുണ്ട്.