കൊൽക്കത്ത:നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. കൊൽക്കത്ത ഹൈക്കോടതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ട്.
കമ്മിഷന്‍റെ അഞ്ച് വ്യത്യസ്‌ത സംഘങ്ങൾ അക്രമ സംഭവങ്ങൾ അരങ്ങേറിയ 311 സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധനകൾ നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. നേരത്തെ കമ്മിഷൻ ഒരു ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് പൂർണ റിപ്പോർട്ട് സമർപ്പിക്കുന്നത്.
റിപ്പോർട്ടിൽ ഇടംപിടിച്ച് പ്രമുഖരും
വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിന് ഉത്തരവാദികളായ നിരവധി സാമൂഹിക വിരുദ്ധരെക്കുറിച്ചും കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കമ്മിഷൻ നിരീക്ഷിച്ചു. കമ്മിഷന്‍റെ റിപ്പോർട്ടിൽ നിരവധി തൃണമൂൽ എംഎൽഎമാരും ഉന്നത നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാണ്.
കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചി, സീതായ്, ദിൻഹത, തുഫാങ്കുഞ്ച്, കോട്‌വാലി മേഖലകളിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കമ്മിഷൻ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, റിപ്പോർട്ടിൽ മുൻ തൃണമൂൽ കോൺഗ്രസ് കൗൺസിലർ ജോയ്‌ദീപ് ഘോഷ്, ദിൻഹാറ്റയിൽ നിന്നുള്ള മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ ഉദയൻ ഗുഹ എന്നിവരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്.
കൊൽക്കത്തയിൽ നിന്നുള്ള പട്ടികയിൽ ചിത്പൂർ ഏരിയയിൽ നിന്നുള്ള തൃണമൂൽ നേതാവ് ഉമ ദാസിന്‍റെയും ഭർത്താവ് ലാൽതു ദാസിന്‍റെയും പേരുകളും ഉൾപ്പെട്ടിട്ടുണ്ട്.