ന്യൂഡൽഹി : വിദേശ പണം കൈപ്പറ്റിയ കേസിൽ അറസ്‌റ്റിലായ ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്‍റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയെ (NewsClick founder Prabir Purkayastha) ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. യുഎപിഎ (UAPA) കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് (3.10.2023) പ്രബീർ പുര്‍കയസ്‌തയെ ഡൽഹി പൊലീസ് (Delhi Police) അറസ്‌റ്റ് ചെയ്‌തത്. സ്ഥാപനത്തിന്‍റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തിയേയും അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് റിമാൻഡ്.
ന്യൂസ് ക്ലിക്കിന് ചൈനയിൽ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥാപനത്തിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് ഇന്നലെ റെയ്‌ഡ് നടത്തിയത്. തുടർന്ന്, പരിശോധനയിൽ ജീവനക്കാരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും വിവിധ രേഖകളും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് 37 പുരുഷന്മാരെയും ഒൻപത് സ്‌ത്രീകളേയും ചോദ്യം ചെയ്‌തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരേ ദിവസം 30 സ്ഥലങ്ങളിൽ റെയ്‌ഡ് : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലുൾപ്പടെ ഇന്നലെ മാത്രം 30 സ്ഥലങ്ങളിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. ന്യൂസ് ക്ലിക്ക് പ്രതിനിധിയെ തന്‍റെ ഡൽഹിയിലെ വസതിയിൽ യെച്ചൂരി താമസിപ്പിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്‌ഡ്. എന്നാൽ അറസ്‌റ്റിലായവരെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.