കേരളം

kerala

ETV Bharat / bharat

പുതിയയിനം വിഷപ്പാമ്പിനെ കണ്ടെത്തി ; നല്‍കിയത് സൈനിക ഉദ്യോഗസ്ഥന്‍റെ അമ്മയുടെ പേര്

ട്രൈമെറെസുറസ് മായേ അഥവാ മായയുടെ പിറ്റ് വൈപ്പർ എന്ന പേരാണ് പുതിയയിനം വിഷപാമ്പായ അണലി വിഭാഗത്തിലുള്ള പച്ച നിറത്തിലുള്ള ഇനത്തിന് നൽകിയ പേര്.

By

Published : May 21, 2022, 10:56 PM IST

New snake species named after the mother of Army Colonel  new snake found in mizoram  Trimeresurus mayaae  green pit wiper  പുതിയയിനം വിഷപാമ്പിന് ആർമി ഉദ്യോഗസ്ഥന്‍റെ അമ്മയുടെ പേര്  മേഘാലയ പിറ്റ് വൈപ്പർ  ട്രൈമെറെസുറസ് പോപ്പിയോറം
മേഘാലയയിൽ കണ്ടെത്തിയ പുതിയയിനം വിഷപാമ്പിന് ആർമി ഉദ്യോഗസ്ഥന്‍റെ അമ്മയുടെ പേര്

അഗർത്തല : മിസോറാമിലും മേഘാലയയിലും കണ്ടെത്തിയ, അണലി വിഭാഗത്തിലുള്ള പച്ച നിറത്തിലുള്ള വിഷപ്പാമ്പിന് (Trimeresurus mayaae) ആദരസ്‌മരണാര്‍ഥം സൈനിക ഉദ്യോഗസ്ഥന്‍റെ അമ്മയുടെ പേര് നൽകി ഉദ്യോഗസ്ഥർ. മേഘാലയയിലെ ഉംറോയ് മിലിറ്ററി സ്റ്റേഷനിലെ കരസേന ഉദ്യോഗസ്ഥനായ കേണൽ യശ്‌പാൽ സിങ് റാത്തീയുടെ, മരണപ്പെട്ട അമ്മയുടെ പേരാണ് നൽകിയത്.

മായയെന്നാണ് കേണൽ യശ്പാൽ സിങ് റാത്തിയുടെ അമ്മയുടെ പേര്. അവരോടുള്ള ബഹുമാനാർഥം മായ എന്നുകൂടി ചേര്‍ത്ത് ട്രൈമെറെസുറസ് മായേ (മായയുടെ പിറ്റ് വൈപ്പർ) എന്ന് പേരിടുകയായിരുന്നുവെന്ന് ജയാദിത്യ പറയുന്നു. വടക്കുകിഴക്കൻ ഇന്ത്യയിൽ കാണപ്പെടുന്ന അണലിയിനമാണിത്. പ്ലോസ് വൺ എന്ന ജേണലിൽ പുതിയയിനം പാമ്പിന്‍റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിഗൂഢ സ്‌പീഷീസുകൾ വളരെ രസകരമാണ്. അവ പലപ്പോഴും മറഞ്ഞിരിക്കുന്നു. അവയെ പലപ്പോഴും നാം മറ്റ് ചില ജീവികളായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നുവെന്ന് ഗുവാഹത്തിയിലെ ഹെൽപ്പ് എർത്തിൽ നിന്നുള്ള ഹെർപെറ്റോളജിസ്റ്റായ ജയാദിത്യ പുർകയസ്ഥ പറയുന്നു.

ഇതിനോട് സാമ്യമുള്ള പാമ്പിനങ്ങള്‍ മേഘാലയ, മിസോറം പോലുള്ള ഇടങ്ങളിൽ സാധാരണമാണെന്നും ഗുവാഹത്തിയിൽ പോലും കണ്ടെത്തിയിട്ടുണ്ടെന്നും ജയാദിത്യ വിശദീകരിക്കുന്നു. പോപ്പിന്‍റെ പിറ്റ് വൈപ്പർ (ട്രൈമെറെസുറസ് പോപ്പിയോറം) അല്ലെങ്കിൽ ഗംപ്രെക്റ്റിന്‍റെ ഗ്രീൻ പിറ്റ് വൈപ്പർ (ട്രൈമെറെസുറസ് ഗംപ്രെക്റ്റി) എന്നെല്ലാമാണ് അവയുടെ പേരുകള്‍.

ഉംറോയ് മിലിറ്ററി സ്റ്റേഷനിലാണ് പാമ്പിനെ ആദ്യമായികാണുന്നത്. ഇതിനെ തിരിച്ചറിയുന്നതിനായി കേണൽ യശ്‌പാൽ സിങ് റാത്തീയുമായി സഹകരിച്ചിരുന്നു. തുടക്കത്തിൽ പാമ്പിനെ പോപ്പിന്‍റെ പിറ്റ് വൈപ്പറുമായി സാമ്യമുള്ളതുപോലെ തോന്നി. എന്നാൽ അവയുടെ കണ്ണുകളുടെ നിറം വ്യത്യസ്‌തമായിരുന്നുവെന്ന് ജയാദിത്യ പറയുന്നു.

വിശദമായ പരിശോധനയിൽ പോപ്പിന്‍റെ പിറ്റ് വൈപ്പറിന്‍റെ ഹെമെപെനിസ് വളരെ വ്യത്യസ്‌തമാണെന്ന് കണ്ടെത്തി. പിന്നീട് സംഘം മിസോറാം സർവകലാശാലയിലെ സുവോളജി വിഭാഗത്തിലെ പ്രൊഫ.എച്ച്.ടി ലാൽറെംസംഗയുമായി സഹകരിക്കുകയും അവിടെയും ഇതേ ഇനം പാമ്പിനെ കണ്ടെത്തുകയും ചെയ്‌തു.

എൻ‌സി‌ബി‌എസിലെ സീഷൻ മിർസ പാമ്പിനെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിന് ആഴത്തിലുള്ള ജനിതക വിശകലനം നടത്തി. കണ്ടെത്തിയ പാമ്പ് ഒരു പുതിയ ഇനമാണെന്നായിരുന്നു കണ്ടെത്തൽ. പുതിയ ഇനം വിഷമുള്ളതാണെന്നും മനുഷ്യന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നതിനാല്‍ ഈ കണ്ടെത്തലുകൾ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

രണ്ട് ദശാബ്‌ദത്തിനിടെ പാമ്പുകടിയേറ്റ് 1.2 ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പാമ്പുകടിയുടെ ആഘാതത്തിൽ കൈകാലുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് പുതിയ ഇനത്തെ കണ്ടെത്തുന്നത് പൊതുജനാരോഗ്യത്തിന്‍റെ പശ്ചാത്തലത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. വിഷം ഒരു സങ്കീർണ പ്രോട്ടീൻ ആണ്. മിക്കവാറും ഒരു ജീവിവർഗത്തിന് വിഷം സാധാരണമാണ്. അതിനാൽ ഒരു പുതിയ ജീവിവർഗത്തെ കണ്ടെത്തുന്നത് അതിന്‍റെ വിഷവും മനുഷ്യരിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മനസിലാക്കാനും ഒരുപക്ഷേ ജീവൻ രക്ഷിക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മിസോറാം യൂണിവേഴ്‌സിറ്റിയിലെ സുവോളജി വിഭാഗത്തിലെ ലാൽ ബിയാക്‌സുവാല, ലാൽ മുവാൻസാംഗെ, ഉംറോയിയിലെ സിദ്ധാർഥ് ദലാൽ എന്നിവരാണ് പുതിയ ഇനം വിഷപാമ്പിനെ വിവരിക്കുന്നതിൽ സംഭാവന നൽകിയ മറ്റ് ടീം അംഗങ്ങൾ.

ABOUT THE AUTHOR

...view details