ന്യൂഡൽഹി:വാട്‌സ്‌ആപ്പിൽ പുതിയ തട്ടിപ്പ് സംഘം സജീവമാകുന്നതായി റിപ്പോർട്ട് (New Scam in Whatsapp). ബഹുരാഷ്ട്ര കമ്പനിയിൽ (Multinational Company) ജോലിചെയ്യുന്ന പ്രൊഫഷണലുകളെ (Professionals) കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ വിലസുന്നത്. ജോലി ചെയ്യുന്ന കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്ന വ്യാജേന അന്താരാഷ്ട്ര നമ്പറിൽ നിന്ന് വാട്‌സ്‌ആപ്പ് കോൾ (Whatsapp Call) ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി. പലപ്പോഴും കമ്പനിയുടമ എന്ന വ്യാജേനയോ ഉന്നത ഉദ്യോഗസ്ഥർ എന്ന വ്യാജേനയോ ആകും കോളുകൾ വരിക. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെ പേരിലും കോളുകൾ വരുന്നതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാർക്ക് ഇത്തരത്തിൽ നിരവധി വ്യാജ കോളുകൾ ലഭിച്ചിരുന്നു. ഇതേ കമ്പനിയിലെ മുൻ ജീവനക്കാർക്കും സമാന കോളുകൾ ലഭിച്ചതായാണ് വിവരം. ഒരു വാട്‌സ്‌ആപ്പ് (Whatsapp) മെസേജിലൂടെയാണ് തട്ടിപ്പിന്‍റെ തുടക്കം.
"എന്‍റെ ടെക്‌സ്‌റ്റ് ലഭിച്ചാലുടൻ തിരിച്ചു ബന്ധപ്പെടുക, നന്ദി," എന്ന മെസേജാണ് പലർക്കും ആദ്യം കിട്ടിയത്. ഇതിന് ശേഷമാണ് യുഎസ് നമ്പറുകളിൽ നിന്ന് വോയ്‌സ് കോളുകൾ ലഭിച്ചത്. യുഎസിലെ അറ്റ്‌ലാന്‍റ്, ജോർജിയ എന്നിവിടങ്ങളിലെ കോളിങ് കോഡായ +1 (404) ആണ് പലരെയും വിളിക്കാൻ ഉപയോഗിച്ചത്. ഷിക്കാഗോ, ഇല്ലിനോയിസ് എന്നിവിടങ്ങളിലെ കോഡായ +1 (773) ഉപയോഗിച്ചും തട്ടിപ്പിന് ശ്രമം നടന്നു.
കഴിഞ്ഞ മെയ് മാസത്തിലും സമാന സംഭവങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ (African Nations) നിന്നും ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് അന്ന് വ്യാജ കോളുകൾ വന്നിരുന്നത്. ഇത്തരത്തിലുള്ള സ്‌പാം കോളുകൾ (Spam Calls) വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വാട്‌സ്‌ആപ്പ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരുന്നു. വലിയ സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള ശ്രമമായാണ് അന്ന് ഇത്തരം കോളുകളെപ്പറ്റി സൈബർ വിദഗ്‌ദര്‍ പ്രതികരിച്ചത്.
സ്‌പാം കോളുകൾ തടയാൻ വാട്‌സ്‌ആപ്പിന്‍റെ പുതിയ ഫീച്ചർ (Whatsapp New Feature to Block Spam Calls)
സ്‌പാം കോളുകളിലൂടെയുള്ള തട്ടിപ്പുകൾ അധികമായി റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് അടുത്തിടെ സൈലൻസ് അൺനോൺ കോളേഴ്സ് (Silence Unknown Callers) എന്ന സംവിധാനം വാട്‌സ്‌ആപ്പ് ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. അറിയാത്ത നമ്പരുകളിൽ നിന്നുള്ള കോൾ വരുമ്പോൾ തന്നെ അതിനെ നിയന്ത്രിക്കാനുള്ള സംവിധാനമാണിത്. സ്‌പാം കോളുകളും തട്ടിപ്പ് നടത്തുന്നവരുടെ കോളുകളും ഈ ഫീച്ചർ സ്വയം തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കും. സൈലൻസ് അൺനോൺ കോളേഴ്സ് എന്ന പുതിയ ഫീച്ചർ ഒരിക്കൽ എനേബിൾ ചെയ്താൽ ഉപയോക്താക്കളുടെ ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ തനിയെ സൈലന്‍റാകും.
ഫീച്ചർ എനേബിൾ ചെയ്യേണ്ടതിങ്ങനെ (How to Enable Block Spam Calls Feature)
- വാട്‌സ്‌ആപ്പിലെ സൈലൻസ് അൺനോൺ കോളേഴ്സ് എന്ന ഫീച്ചർ എനേബിൾ ചെയ്യാൻ വാട്‌സ്‌ആപ്പ് തുറന്ന് സെറ്റിങ്സിലെ പ്രൈവസി (Privacy) എന്ന ഓപ്ഷനിൽ നിന്ന് "കോൾസ്" (Calls) ഓപ്ഷൻ ടാപ്പ് ചെയ്യുക.
- അവിടെ സൈലൻസ് അൺനോൺ കോളേഴ്സ് എന്ന ഫീച്ചർ ഓൺ ചെയ്യാനുള്ള ഒരു ടോഗിൾ കാണാനാകും.
- ഈ ടോഗിൾ ടാപ്പ് ചെയ്‌താൽ സൈലൻസ് അൺനോൺ കോളേഴ്സ് എന്ന ഫീച്ചർ എനേബിൾ ആകും. (ഈ ഫീച്ചർ ഐഫോണുകളിലും ആൻഡ്രോയിഡ് സ്‌മാർട്ട്ഫോണുകളിലും ലഭ്യമാണ്)
തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാരും:ആധാർ നമ്പർ ആവശ്യപ്പെട്ട് ലഭിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളെപ്പറ്റി കേന്ദ്രസർക്കാരും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം മെസേജുകൾക്കും കോളുകൾക്കും മറുപടി നൽകരുതെന്നും കേന്ദ്രം നിർദേശിച്ചു. വ്യക്തി വിവരങ്ങൾ ഓൺലൈനായി പങ്കുവയ്‌ക്കാൻ യുഐഡിഎഐ (UIDAI) ആവശ്യപ്പെടില്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കേന്ദ്രം അറിയിച്ചു. ആധാർ കാർഡ് (Aadhar Card), മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ സന്ദർശിച്ചോ അപ്‌ഡേറ്റ് ചെയ്യാമെന്നും യുഐഡിഎഐ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.