ന്യൂഡല്‍ഹി:ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രൂപകൽപ്പന ചെയ്‌ത ബ്രഹ്മോസ് പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈലിന്‍റെ വിക്ഷേപണം വിജയം. തദ്ദേശീയമായി വികസിപ്പിച്ച സീക്കറും ബൂസ്‌റ്ററും അടങ്ങിയ ബ്രഹ്മോസ് പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അറിയിച്ചത്. വിക്ഷേപണത്തെ സുപ്രധാന നാഴികക്കല്ലെന്നും സേന വിശേഷിപ്പിച്ചു.
സ്ഥലം ഒരു പ്രശ്‌നമേയല്ല:മികച്ച കൃത്യതയോടെ തന്നെ ബ്രഹ്മോസ് ലക്ഷ്യസ്ഥാനത്തെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം അന്തർവാഹിനിയിൽ നിന്നോ, കപ്പലുകളിൽ നിന്നോ, വിമാനങ്ങളിൽ നിന്നോ, കരയിൽ നിന്നോ വിക്ഷേപിക്കാന്‍ കഴിയുന്ന ഇടത്തരം റേഞ്ച് റാംജെറ്റ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ഇന്ത്യയുടെ ബ്രഹ്മോസ്. അവതരിപ്പിച്ച സമയത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കൂടിയായിരുന്നു ബ്രഹ്മോസ്.
ഇന്ത്യയെന്ന 'മിസൈല്‍' രാജ്യം: മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടിയിട്ടുണ്ടെന്നും ഇന്ത്യന്‍ ആയുധശേഖരത്തിൽ വിപുലമായ മിസൈലുകളുണ്ടെന്നും പ്രതിരോധ മന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവും മുൻ ഡിആർഡിഒ മേധാവിയുമായ ഡോ.ജി സതീഷ് റെഡ്ഡി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആഗോള നിയന്ത്രണ ഭരണവ്യവസ്ഥ ഈ സ്വയം പര്യാപ്‌തത കൈവരിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതൊരു രാജ്യവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മിസൈലുകളുടെ ഒരു ശ്രേണി തന്നെ രാജ്യം ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മിസൈൽ പദ്ധതി വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. നിരവധി മിസൈൽ സംവിധാനങ്ങൾ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള മിസൈലുകൾ, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്കുള്ള മിസൈലുകൾ, എയർ-ടു-എയർ മിസൈലുകൾ, ആന്റി-ടാങ്ക് മിസൈലുകളും തുടങ്ങി വിവിധതരം മിസൈലുകൾ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷണങ്ങള്‍ മുമ്പും, വിജയം എന്നും: അതേസമയം സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ പതിപ്പ് 2022 ജനുവരിയില്‍ രാജ്യം വിജയകരമായി പരീക്ഷിച്ചിരുന്നു. ഒഡിഷയിലെ ബാലസോറിലായിരുന്നു പരീക്ഷണം നടന്നത്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒഎമ്മും (NPOM) ചേർന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്മോസിന്‍റെ ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനമായിരുന്നു ഇത്. മാത്രമല്ല ജനുവരിയില്‍ തന്നെ നാവികസേനയുടെ ഐഎൻഎസ് വിശാഖപട്ടണം യുദ്ധക്കപ്പലിൽ വച്ചും രാജ്യം ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചിരുന്നു. നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചതെന്നും നിയുക്ത ലക്ഷ്യക്കപ്പലിൽ മിസൈൽ കൃത്യമായി പതിച്ചുവെന്നും ഡിആർഡിഒ അന്ന് കൂട്ടിച്ചേർത്തിരുന്നു.
ബ്രഹ്മോസില്‍ കണ്ണുംനട്ട്:ബ്രഹ്മോസിന്‍റെ വിജയത്തോടെ സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വാങ്ങാന്‍ ഫിലിപ്പൈൻസ് ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടിരുന്നു. നീണ്ട രണ്ടു വർഷത്തെ ചർച്ചകൾക്കൊടുവിലാണ് ബ്രഹ്മോസ് വാങ്ങുന്നതിന് ഇന്ത്യയുമായി ഫിലിപ്പൈൻസ് സുപ്രധാന കരാറിലേർപ്പെട്ടതെന്ന് ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന വ്യക്തമാക്കുകയും ചെയ്‌തു. മാത്രമല്ല ബ്രഹ്മോസിന്‍റെ ഖ്യാതി ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രചരിച്ചതോടെ വിയറ്റ്‌നാമും ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബ്രഹ്മോസ് കൂടാതെ 'ആകാശ്' എന്ന ഭൂതല മിസൈലിലും വിയറ്റ്‌നാം അതീവ താത്‌പര്യം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളും വന്നു. അതേസമയം സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് റഷ്യയുമായി ചേർന്നാണ് ഇന്ത്യ വികസിപ്പിച്ചെടുത്തതെങ്കിൽ ആകാശ് 90 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചതാണ്.