കൊൽക്കത്ത: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുന്നതിനിടെ പ്രശ്‌നപരിഹാരത്തിന് പുതിയ സമവാക്യം നിര്‍ദേശിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ (Netaji Subhas Chandra Bose) പേരക്കുട്ടി പ്രൊഫ. സുഗത ബോസ് (Netajis Nephew on Manipur- Power Sharing Shall Unite Communities). സംസ്ഥാനത്തെ മൂന്ന് പ്രബല സമുദായങ്ങളായ മെയ്‌തികൾ, കുക്കികൾ, നാഗകൾ (Meiteis, Kukis and Nagas) എന്നിവ തമ്മില്‍ അധികാരം പങ്കിടൽ ക്രമീകരണം നടത്തണമെന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദേശം. മൂന്ന് സമുദായങ്ങളും ഒരുമിച്ച് 1944-ൽ നേതാജിയുടെ ഐഎൻഎയിൽ (INA) ചേര്‍ന്നതും, ബിഷ്‌ണുപൂർ, ഉഖ്രുൾ ജില്ലകളിലെ യുദ്ധക്കളങ്ങളിൽ ഈ സമുദായങ്ങള്‍ ഇന്ത്യക്കുവേണ്ടി തോളോട് തോൾ ചേർന്ന് പോരാടിയതും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സുഗത ബോസ് ചൂണ്ടിക്കാട്ടി. നേതാജിയുടെ സഹോദരന്‍ ശരത് ചന്ദ്ര ബോസിന്‍റെ (Sarat Chandra Bose) മകന്‍ ശിശിര്‍ കുമാര്‍ ബോസിന്‍റെ (Sisir Kumar Bose) പുത്രനാണ് പ്രൊഫ. സുഗത ബോസ് (Prof Sugata Bose).
മൂന്ന് സമുദായങ്ങളെയും ഉൾപ്പെടുത്തി അവരുടെ പരാതികളെല്ലാം പരിഹരിക്കപ്പെടും വിധത്തിലുള്ള ന്യായമായ അധികാരം പങ്കിടൽ ക്രമീകരണം മണിപ്പൂരില്‍ രൂപീകരിക്കേണ്ടതുണ്ട്. മൂന്ന് സമുദായങ്ങളെയും വീണ്ടും ഒരുമിച്ച് കൊണ്ടുവരാൻ ബ്രിട്ടീഷുകാർക്കെതിരെ നടന്ന മുൻകാല സായുധ പോരാട്ടങ്ങളുടെ പൈതൃകം നമുക്ക് പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മുന്‍ ലോക്‌സഭ എംപി കൂടിയായ സുഗത ബോസ് അഭിപ്രായപ്പെട്ടു.
Also Read:Manipur Students In Kannur University: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മണിപ്പൂർ വിദ്യാർഥികൾക്ക് അവസരമൊരുക്കി കണ്ണൂർ സര്‍വകലാശാല; ആദ്യ സംഘമെത്തി
സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തികൾ ഇംഫാൽ താഴ്‌വരയിലാണ് കൂടുതലായി താമസിക്കുന്നത്. ഗോത്രവർഗക്കാരായ നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനവും ഇംഫാലിന് (Imphal) ചുറ്റുമുള്ള മലയോര ജില്ലകളിൽ താമസിക്കുന്നു. ഇന്ന് മണിപ്പൂരിലെ സാഹചര്യം അത്യന്തം ദാരുണമാണ്. ഹ്രസ്വകാല രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു സമുദായത്തെ മറ്റൊന്നിനെതിരായി തിരിച്ചു. അത്തരത്തിലുള്ള രാഷ്ട്രീയ കളി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കും മുമ്പ് മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിപ്രായവും പരിഗണിക്കണമെന്നും സുഗത ബോസ് പറഞ്ഞു.
കുക്കി, മെയ്തേയ്, നാഗ സമുദായങ്ങളിൽ നിന്നുള്ള ധാരാളം മണിപ്പൂരി യുവാക്കൾ ഇംഫാലിലേക്കുള്ള മാർച്ചിൽ ഐഎൻഎയിൽ ചേർന്ന ചരിത്രവും സുഗത ബോസ് വിവരിച്ചു. ഈ സന്നദ്ധ സൈനികരിൽ 15 മണിപ്പൂരി യുവാക്കളും രണ്ട് യുവതികളും ഉണ്ടായിരുന്നു. റംഗൂണിലേക്കുള്ള പിൻവാങ്ങലിൽ ഇവര്‍ മറ്റ് ഐഎൻഎ സൈനികരോടൊപ്പം ചേർന്നു. ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ച് അവര്‍ ബ്രിട്ടീഷ് സൈനികർക്കെതിരെ ധീരമായി പോരാടി. മണിപ്പൂരിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളിൽ സ്വാതന്ത്ര്യാനന്തരം മണിപ്പൂരിന്‍റെ ആദ്യ മുഖ്യമന്ത്രിയായ എം കൊയ്‌റെംഗ് സിങും ഉൾപ്പെടുന്നതായും സുഗത ബോസ് കൂട്ടിച്ചേര്‍ത്തു.
Also Read:Manipur violence: 'കലാപത്തിന് ഉത്തരവാദികള്‍ ആർഎസ്എസും ബിജെപിയും'; സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ലെന്ന് എംവി ഗോവിന്ദന്‍