കാഠ്‌മണ്ഡു:യാത്രക്കാരുമായി സഞ്ചരിച്ച ബസ് റോഡില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. നേപ്പാളിലെ (Nepal) ബാഗമതി പ്രവിശ്യയില്‍ (Bagmati province) ബുധനാഴ്‌ചയാണ് (23.08.2023) യാത്രക്കാരുമായി സഞ്ചരിച്ച ബസ് പ്രധാന ഹൈവേയില്‍ നിന്നും തെന്നിമാറി നദിയിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
അപകടം ഇങ്ങനെ: കാഠ്‌മണ്ഡുവില്‍ (Kathmandu) നിന്ന് സഞ്ചാരികള്‍ കൂടുതലെത്തുന്ന പ്രദേശമായ പൊഖാറയിലേക്ക് (Pokhara) യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. എന്നാല്‍ ബാഗമതി പ്രവിശ്യയിലെ ധാഡിങ് ജില്ലയിലുള്ള (Dhading district) ചാലിസിന് സമീപമെത്തിയപ്പോള്‍ തെന്നി ത്രിശൂലി നദിയിലേക്ക് (Trishuli River) മറിഞ്ഞാണ് അപകടമുണ്ടായതെന്ന് നേപ്പാള്‍ മാധ്യമമായ മൈ റിപ്പബ്ലിക ഡോട് കോം (myRepublica.com) അറിയിച്ചു.
അപകടത്തില്‍ കുറഞ്ഞത് എട്ടുപേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ധാഡിങ് ജില്ല പൊലീസ് ഓഫിസിലെ ഡെപ്യൂട്ടി സൂപ്രണ്ട് സന്തുലാല്‍ പ്രസാദ് ജയ്‌സ്വര്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പതിവാകുന്ന അപകടങ്ങള്‍:കനത്ത മഴയായത് കൊണ്ടുതന്ന നദി കരകവിഞ്ഞ് ഒഴുകിയിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് ഭാഗികമായി ത്രിശൂലി നദിയില്‍ മുങ്ങി. അപകടത്തില്‍പെട്ട ബസ്സിന്‍റെ അകത്ത് നിന്നും നിരവധി യാത്രക്കാരെ ജീവനോടെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞുവെന്നും കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം ഭൂരിഭാഗവും പർവതങ്ങളാൽ ചുറ്റപ്പെട്ട നേപ്പാളില്‍ ഹൈവേയിലെ റോഡുകളും അറ്റകുറ്റപ്പണികളിലെ അപാകതകളും അടുത്തിടെ നിരന്തരമായി അപകടങ്ങൾക്ക് കാരണമാവാറുണ്ട്.