ന്യൂഡൽഹി: 2020 ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോ ഇനത്തിൽ സ്വർണം നേടിയ നീരജ് ചോപ്രക്ക് അഭിനന്ദന പ്രവാഹം. മികച്ച നേട്ടം സ്വന്തമാക്കിയ ചോപ്രയെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"ടോക്കിയോയിൽ ചരിത്രം രചിക്കപ്പെട്ടു. നീരജ് ചോപ്രയുടെ നേട്ടം എന്നെന്നും ഓർമിക്കപ്പെടും. അഭിനിവേശത്തോടെയും സമാനതകളില്ലാത്ത ധൈര്യത്തോടെയുമാണ് നീരജ് മികച്ച പ്രകടനം കാഴ്ച വച്ചത്. സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ" മോദി ട്വിറ്ററിൽ കുറിച്ചു.
ചോപ്രയെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറും. മികച്ച പ്രകടനം ആയിരുന്നുവെന്നും നീരജ് ചരിത്രം സൃഷ്ടിച്ചുവെന്നും ജയ്‌ശങ്കർ ട്വീറ്റ് ചെയ്തു. ഒളിമ്പിക്സിലെ എക്കാലത്തെയും മെഡൽ നേട്ടം ടീം ഇന്ത്യ സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാഷ്‌ട്രപതി
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും ചോപ്രയെ അഭിനന്ദിച്ച് രംഗത്തെത്തി. 135 കോടി ജനങ്ങൾക്ക് വേണ്ടി താൻ ചോപ്രയെ അഭിനന്ദിക്കുന്നുവെന്നും ചോപ്രയുടെ നേട്ടം വരുംതലമുറക്ക് കൂടുതൽ മെഡൽ നേടാൻ പ്രചോദനമാണെന്ന് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.