ന്യൂഡൽഹി: ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രക്ക് ഇന്ന് 24-ാം പിറന്നാൾ. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വർണ മെഡല്‍ നേട്ടത്തോടെ ഒളിമ്പിക്‌സില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ താരത്തിന് രാജ്യത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ ജന്മദിനാശംസകൾ നേർന്നു.
'നിങ്ങൾക്ക് ജന്മദിനാശംസ നേരുന്നു നീരജ്, ഇനിയുള്ള വർഷങ്ങളും മികച്ചതാകട്ടെ,' ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്‌റ്റൻ റാണി രാപാൽ ട്വീറ്റ് ചെയ്‌തു.
"ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും ഇന്ത്യയുടെ പ്രിയങ്കരനുമായ നീരജ് ചോപ്രയ്ക്ക് ജന്മദിനാശംസകൾ," 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവായ ഗുസ്തി താരം യോഗേശ്വർ ദത്ത് ഫേസ്ബുക്കിൽ കുറിച്ചു.
കൂടാതെ ഗുസ്‌തി താരം സോനം മാലിക്ക്, ബോക്‌സിങ് താരം ആകാശ് കുമാർ തുടങ്ങി ഒട്ടനവധി കായികതാരങ്ങൾ താരത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
2008ല്‍ ബീജിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടം കൂടിയാണ് നീരജ് ടോക്കിയോയിൽ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിലാണ് 87.58 മീറ്ററിലേക്ക് ജാവലിന്‍ പായിച്ചത്.
ALSO READ:Under 19 Asia Cup : ആദ്യ മത്സരത്തിൽ യുഎഇയെ തകർത്തെറിഞ്ഞ് ഇന്ത്യ ; 154 റണ്‍സിന്‍റെ കൂറ്റൻ ജയം
നിലവിൽ യുഎസിലെ കാലിഫോർണിയയിലുള്ള ചുല വിസ്‌ത എലൈറ്റ് അത്‌ലറ്റ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലാണ് നീരജ്. 2022ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകൾക്കും കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം.