ബിജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി നക്സൽ സംഘം. ഉസൂർ മണ്ഡലം ബിജെപി അധ്യക്ഷനായ നീലകണ്ഠ് കക്കേമിനെയാണ് നക്സൽ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. ശേഷം ലഘുലേഖകൾ വിതരണം ചെയ്ത സംഘം വധത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി നക്സൽ സംഘം ; വധം കുടുംബാംഗങ്ങളുടെ മുന്നിലിട്ട്
ഉസൂർ മണ്ഡലം ബിജെപി അധ്യക്ഷനായ നീലകണ്ഠ് കക്കേമിനെയാണ് ബന്ധുക്കളുടെ മുന്നിൽവച്ച് നക്സൽ സംഘം കൊലപ്പെടുത്തിയത്
15 വർഷമായി ഉസൂർ മണ്ഡലത്തിലെ ബിജെപി അധ്യക്ഷ സ്ഥാനം വഹിക്കുകയാണ് നീലകണ്ഠ് കക്കേം. ഞായറാഴ്ച തന്റെ ഭാര്യാസഹോദരിയുടെ വിവാഹത്തിന് ജന്മഗ്രാമമായ ആവപ്പള്ളിയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് നക്സലേറ്റുകൾ ഇയാളെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ആക്രമിച്ച് വകവരുത്തിയത്.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് കനത്ത പരിഭ്രാന്തി നിലനിൽക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രണ്ട് വർഷം മുമ്പ് ബിജാപൂരിൽ ബിജെപി നേതാവ് മജ്ജിയെയും, യുവനേതാവ് ജഗദീഷ് കോന്ദ്രയെയും നക്സലേറ്റുകൾ വധിച്ചിരുന്നു.