ദന്തേവാഡ:ദന്തേവാഡയിൽ മാവോയിസ്റ്റ് സംഘം നടത്തിയ ഐഇഡി ആക്രമണത്തിൽ 10 സൈനികർക്ക് വീരമൃത്യു. സൈനികർക്ക് പുറമെ തദ്ദേശവാസിയായ ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുവരെ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഛത്തീസ്‌ഗഡിലെ ദന്തേവാഡയിലെ അരൻപൂരിലാണ് നക്‌സലൈറ്റ് ആക്രമണം നടന്നത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുള്ള ഒരു മിനി ബസ് സ്‌ഫോടനത്തിൽ തകരുകയും ചെയ്‌തു. മാവോയിസ്‌റ്റ് വിരുദ്ധ സംഘമാണ് കൊല്ലപ്പെട്ടത്. കുഴിബോംബ് ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. അരൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഞെട്ടിക്കുന്ന ആക്രമണമാണ് നടന്നതെന്ന പ്രസ്‌താവനയുമായി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രംഗത്ത് വന്നു. 'ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ അനുശോചനം അറിയിക്കുന്നു. നക്‌സലൈറ്റുകൾക്ക് എതിരെയുള്ള പോരാട്ടം അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഒരു നക്‌സലൈറ്റുകളെയും വെറുതെ വിടില്ല,' ഭൂപേഷ് ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.
നടന്നത് ഭീരുക്കൾ നടത്തിയ ആക്രമണമെന്ന് അമിത് ഷാ:ദന്തേവാഡയിൽ ഛത്തീസ്‌ഗഡ് പൊലീസിനുനേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ വ്യസനിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പുനൽകുകയും ചെയ്‌തിട്ടുണ്ട്. വീരമൃത്യു വരിച്ച ജവാൻമാരുടെ വേർപിരിഞ്ഞ കുടുംബാംഗങ്ങൾക്ക് എന്‍റെ അനുശോചനം,' അമിത് ഷാ ട്വീറ്റ് ചെയ്‌തു.