ഹൈദരാബാദ്: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയ സിദ്ദിഖിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പര്യവസാനിച്ചുവെന്ന് കരുതിയിരിക്കെ ഇന്നലെ രാത്രി ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നവാസുദ്ദീനും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെയും മക്കളെയും അവരുടെ ബംഗ്ലാവില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് ആലിയ വീഡിയോയില്‍ ആരോപിക്കുന്നു. നിലവില്‍ താനും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് കാണിക്കുന്നതിനായി മറ്റൊരു വീഡിയോ കൂടി ഇവര്‍ പങ്കുവച്ചു.
വീഡിയോ പുറത്തുവിട്ട് ആലിയ കുറിച്ചത്: തന്‍റെ ദുരനുഭവങ്ങള്‍ വീഡിയോ പങ്കുവച്ചുകൊണ്ട് ആലിയ കുറിച്ചു. 'ഇതാണ് നവാസുദ്ദീന്‍. നിരപരാധികളായ തന്‍റെ മക്കളെ പോലും വെറുതെ വിടാന്‍ നവാസുദ്ദീന്‍ തയ്യാറല്ല. 40 ദിവസം ഈ വീട്ടില്‍ താമസിച്ചതിന് ശേഷം വെര്‍സോവ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് എന്നെ അടിയന്തരമായി വിളിപ്പിച്ചിരുന്നു'.
'പൊലീസ് സ്‌റ്റേഷനില്‍ പോയി തിരികെ എത്തിയപ്പോള്‍ ഞാനും കുട്ടികളും വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ സുരക്ഷ ജീവനക്കാരെ നവാസ് ഏര്‍പ്പെടുത്തി. എന്നോടും എന്‍റെ കുട്ടികളോടും ക്രൂരത കാണിച്ച ഇയാള്‍ ഞങ്ങളെ റോഡില്‍ ഉപേക്ഷിച്ചിരിക്കുകയാണ്'-ആലിയ കുറിച്ചു.
നവാസുദ്ദീനും ആലിയയ്‌ക്കും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണുള്ളത്. ഷോറ, യാനി എന്നാണ് ഇരുവരുടെയും പേര്. ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റവും അധികം ബാധിക്കപ്പെട്ടിരിക്കുന്നത് കുട്ടികളെയാണ് എന്നത് വ്യക്തമാണ്.
വീഡിയോയില്‍ മൂത്തമകള്‍ കരയുന്നതും ഇളയമകന്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്മയോട് ചേര്‍ന്ന് നില്‍ക്കുന്നതും കാണാം. 'അവളുടെ സ്വന്തം അച്ഛന്‍ ഇത്തരത്തില്‍ അവളോട് പെരുമാറിയെന്ന് അവള്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. അതിനാല്‍ റോഡില്‍ നിന്നും അവള്‍ കരയുകയും നിലവിളിക്കുകയും ചെയ്യുകയാണെന്ന്' മകളുടെ അനുഭവം പങ്കുവച്ചുകൊണ്ട് ആലിയ കുറിച്ചു.
ആലിയയും മക്കളും കഴിഞ്ഞത് ബന്ധു വീട്ടില്‍: വീട്ടില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് മറ്റെവിടെയും പോകാന്‍ സാധിക്കാത്തതിനാല്‍ ആലിയയും മക്കളും രാത്രി കഴിഞ്ഞത് ബന്ധുവിന്‍റെ വീട്ടിലാണ്. തനിക്കും മക്കള്‍ക്കും ബന്ധു അഭയം നല്‍കിയെന്നും ഒരു രാത്രി ബന്ധുവിനൊപ്പമൊണ് താമസിച്ചതെന്നും ആലിയ തന്‍റെ ഫോളോവേഴ്‌സിനോട് പറഞ്ഞു. തന്‍റെ കുട്ടികളോട് കാണിച്ച ക്രൂരതയ്‌ക്ക് നവാസുദ്ദീനോട് ഒരിക്കലും താന്‍ ക്ഷമിക്കില്ലെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
നവാസുദ്ദീന്‍ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് ആലിയ നേരത്തെ വെര്‍സോവ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്‍റെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തനിക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചുവെന്നും തന്നെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും തന്നെയും കുട്ടികളെയും ബംഗ്ലാവിന്‍റെ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ആലിയ പരാതിയില്‍ പറയുന്നു.
നേരത്തെ ബംഗ്ലാവിന്‍റെ ഗെയിറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖിയുമായി വഴക്കിടുന്ന വീഡിയോ ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരുന്നു. നീണ്ട കുറിപ്പിനൊപ്പമായിരുന്നു ആലിയ അന്ന് വീഡിയോ പങ്കുവച്ചത്. വഴക്കിടുന്ന വീഡിയോ അന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
തന്‍റെ കുട്ടികള്‍ എവിടെയുണ്ടെന്ന് അറിയുന്നതിന് വേണ്ടി നവാസുദ്ദീന്‍ ബോംബൈ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തന്‍റെ വേര്‍പിരിഞ്ഞ് നില്‍ക്കുന്ന ഭാര്യ ആലിയയ്‌ക്ക് കുട്ടികള്‍ എവിടെയുണ്ടെന്ന് അറിയിക്കുന്നതിനായുള്ള നിര്‍ദേശം കോടതി നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുട്ടികളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കണമെന്ന് ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.