കേരളം

kerala

സമീര്‍ വാങ്കഡെ താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി; ഗുരുതര ആരോപണങ്ങളുമായി നവാബ് മാലിക്

By

Published : Oct 26, 2021, 2:09 PM IST

സമീര്‍ വാങ്കഡെയ്ക്കെതിരെ പേര് വെളിപ്പെടുത്താനാകാത്ത ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍റെ കത്ത് ലഭിച്ചതായും ഇത് എന്‍സിബി ഡയറക്‌ടര്‍ ജനറലിന് കൈമാറുമെന്നും നവാബ് മാലിക്

Nawab Malik fires fresh salvo against NCB's Sameer Wankhede  Nawab Malik  sameer Wankhede  Sharukh Khan  Aryan Khan  news  latest news
സമീര്‍ വാങ്കഡെ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി; ഗുരുതര ആരോപണങ്ങളുമായി നവാബ് മാലിക്

മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. സമീര്‍ വാങ്കഡെയ്ക്കെതിരെ പേര് വെളിപ്പെടുത്താനാകാത്ത ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍റെ കത്ത് ലഭിച്ചതായും ഇത് എന്‍സിബി ഡയറക്‌ടര്‍ ജനറലിന് കൈമാറുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സമീര്‍ വാങ്കഡെ സിനിമാ താരങ്ങളുടെ ഫോണ്‍ ചോര്‍ത്തിയെന്നും നവാബ് മാലിക് ആരോപിച്ചു.

സമീര്‍ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത്, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ആരോപണം. തെളിവുകള്‍ കൃത്യമായി ഉണ്ടാക്കി അഭിഭാഷകനായ അയാസ് ഖാന്‍ മുഖേനയാണ് സമീര്‍ പണം തട്ടിയെടുത്തത്. എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ അടക്കം ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് കേസില്‍ സാക്ഷിയായ പ്രഭാകര്‍ സെയ്‌ല്‍ ആരോപിച്ചു.

'സമീര്‍ വാങ്കഡെയ്ക്കെതിരെ പേര് വെളിപ്പെടുത്താനാകാത്ത ഒരു ഉദ്യോഗസ്ഥന്‍റെ കത്ത് ലഭിച്ചു. എന്‍സിബിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍റേതാണ് കത്ത്. സമീര്‍ വാങ്കഡേയ്ക്ക് എതിരായ അന്വേഷണത്തിന്‍റെ പരിധിയില്‍ ഈ കത്തും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ഡയറക്‌ടര്‍ ജനറല്‍ നാര്‍ക്കോട്ടിക്‌സിന് കത്തെഴുതുന്നു. കുറ്റവാളിക്കെതിരെ ഒരു അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.

എന്‍റെ യുദ്ധം ഏജന്‍സിക്കെതിരെ അല്ല. നീതിക്ക് വേണ്ടിയാണ് എന്‍റെ പോരാട്ടം. തട്ടിപ്പ് നടത്തി ജോലി നേടിയ ഒരു ഉദ്യോഗസ്ഥനെ തുറന്നുകാട്ടാനാണ് എന്‍റെ ശ്രമം. എന്‍സിബി ജോലി ലഭിക്കാനായി വാങ്കഡെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു. താനെയിലും മുംബൈയിലും ഇയാള്‍ അനധികൃതമായി ഫോണ്‍ ചോര്‍ത്തുന്നുണ്ട്.

സമീര്‍ വാങ്കഡെ എന്‍റെ മകള്‍ നിലോഫറിന്‍റെ കോള്‍ റെക്കോഡ് വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ മുംബൈ പൊലീസ് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ല. രണ്ട് സ്വകാര്യ വ്യക്തികള്‍ മുഖേന ഫോണ്‍ ചോര്‍ത്തിയതായി വിവരം ലഭിച്ചു. എന്‍റെ ഫോണും ചോര്‍ത്തി. പ്രമുഖരുടെ ബോളിവുഡ് സെലിബ്രിറ്റികളുടെ അടക്കം ഫോണുകള്‍ വാങ്കഡെ ചോര്‍ത്തി.' നവാബ് മാലിക് ആരോപിച്ചു.

ഏജന്‍സി രജിസ്‌റ്റര്‍ ചെയ്‌ത വഞ്ചനാ കേസുകള്‍ സംബന്ധിച്ച് തനിക്ക് കത്ത് ലഭിച്ചെന്നും കത്തില്‍ ഉള്‍പ്പെട്ട കേസുകളില്‍ ചിലത് ബോളിവുഡ് സെലിബ്രിറ്റികളുമായി ബന്ധപ്പെട്ടാണെന്നും 26 കേസുകളില്‍ ശരിയായ നടപടി ക്രമങ്ങള്‍ സമീര്‍ വാങ്കഡെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കത്ത് ശ്രദ്ധയില്‍ പെട്ടുവെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എന്‍സിബി മുംബൈ ഡയറക്‌ടര്‍ ജനറല്‍ മുത്ത അശോക് ജെയിന്‍ അറിയിച്ചു.

Read also:കപ്പലിലെ ലഹരിപ്പാര്‍ട്ടി; കെ.പി ഗോസാവി കീഴടങ്ങാൻ തയ്യാറെന്ന റിപ്പോർട്ട് തെറ്റെന്ന് പൊലീസ്

ABOUT THE AUTHOR

...view details