ഭുവനേശ്വര്‍:തുടര്‍ച്ചയായി ഒരുപാട് തവണ വാര്‍ഡും, പഞ്ചായത്തും, മണ്ഡലവുമെല്ലാം വിജയിച്ചുകയറിയ പൊതുപ്രവര്‍ത്തകരുണ്ടാവാം. ഇവരില്‍ ചിലരെല്ലാം അതത് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസ്‌തുത സ്ഥാനങ്ങള്‍ വഹിച്ചവരുമാവും. എന്നാല്‍, രാജ്യത്ത് തന്നെ അത്തരത്തില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചവരില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് പട്‌നായികുള്ളത്.
മുന്നിലാര്, പിന്നിലാര്: ദീര്‍ഘകാലം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവായിരുന്നു, നവീന്‍ പട്‌നായിക് ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നതിന് മുമ്പ് വരെ ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് മുഖ്യമന്ത്രി കസേരയിലിരുന്ന നേതാക്കളില്‍ രണ്ടാമന്‍. ജ്യോതി ബസുവിന്‍റേതായി മുമ്പുണ്ടായിരുന്ന 23 വര്‍ഷവും 138 ദിവസവും എന്ന കണക്കാണ്, തുടര്‍ച്ചയായ അഞ്ചാം തവണയും ഒഡിഷ മുഖ്യമന്ത്രിയായ പട്‌നായിക് 23 വര്‍ഷവും നാല് മാസവും 17 ദിവസവും കൊണ്ട് മറികടന്നത്. അതേസമയം, 1994 ഡിസംബര്‍ 12 മുതല്‍ 2019 മെയ് 27 വരെയുള്ള നീണ്ട കാലഘട്ടം സിക്കിമിന്‍റെ മുഖ്യമന്ത്രി കസേരയിലിരുന്ന പവന്‍ കുമാര്‍ ചാംലിങാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരില്‍ ഒന്നാമന്‍.
അച്ഛന്‍റെ പാതയില്‍:1997ല്‍ പിതാവ് ബിജു പട്‌നായിക്കിന്‍റെ മരണശേഷമാണ് നവീന്‍ പട്‌നായിക് രാഷ്‌ട്രീയത്തില്‍ വരവറിയിക്കുന്നത്. മാത്രമല്ല അച്ഛന്‍റെ രാഷ്‌ട്രീയ പിന്‍ഗാമിയായി ഗോദയില്‍ ഇറങ്ങിയയുടന്‍ തന്നെ അദ്ദേഹം പിതാവിന്‍റെ പേരില്‍ ബിജു ജനതാദള്‍ രൂപീകരിച്ചു. 1997 ല്‍ പാര്‍ട്ടിയുടെ പ്രഥമ അധ്യക്ഷനായി അവരോധിക്കപ്പെട്ട നവീന്‍ പട്‌നായിക് നിലവിലും അതേ സ്ഥാനത്ത് തുടരുന്നു എന്നത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്‍റെ ചോദ്യം ചെയ്യപ്പെടാനാവാത്ത സ്വാധീനവും വ്യക്തമാക്കുന്നു. ഇതിനിടെ 1997 മുതല്‍ 2000 വരെ അസ്‌ക മണ്ഡലത്തെ പ്രതിനിധീകരിച്ച ലോക്‌സഭാംഗമായ നവീന് പട്‌നായിക്, ഈ കാലഘട്ടത്തില്‍ തന്നെ കേന്ദ്ര സ്‌റ്റീൽ ആൻഡ് മൈൻസ് മന്ത്രിയുമായി.