ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു. ഇന്ന് രാവിലെ 11.30ഓടെ പ്രിയങ്ക ഗാന്ധിക്കൊപ്പം ഡല്‍ഹിയെ ഇ.ഡി ഓഫിസിലെത്തിയ രാഹുല്‍ ഗാന്ധിയെ നിയമ നടപടികള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (സെക്ഷന്‍ 50) പ്രകാരം രാഹുല്‍ ഗാന്ധി മൊഴി രേഖപ്പെടുത്തി.
ഉച്ചക്ക് 2.10 മുതല്‍ 3.30 വരെ രാഹുല്‍ ഗാന്ധിക്ക് ഉച്ചഭക്ഷണത്തിനുള്ള സമയം അനുവദിച്ചിരുന്നു. ജൂണ്‍ 2നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചത്. അദ്ദേഹം വിദേശത്തായിരുന്നതിനാല്‍ ജൂണ്‍ 13ലേക്ക് തിയതി മാറ്റുകയായിരുന്നു.
ഇന്ന് രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി അവിടെ നിന്നുമാണ് ഗാഹുല്‍ ഗാന്ധി ഇ.ഡി ഓഫിസിലെത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം തുടങ്ങി നിരവധി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. എന്നാല്‍ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ഇ.ഡി ഓഫിസിനു മുന്നില്‍ പൊലീസ് തടഞ്ഞു.